കോഴിക്കോട്: മാമ്പഴപ്രേമികൾക്കായി വ്യത്യസ്ത രുചിയിലും മണത്തിലുമുള്ള മാമ്പഴങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനവും വിൽപ്പനയുമാണ് ചെറൂട്ടി റോഡിലെ അരവിന്ദ്‌ഘോഷ് റോഡിലുള്ള ഗാന്ധിപാർക്കിൽ ഇന്നലെ ആരംഭിച്ചത്. ഇന്ത്യയിലെ വിവിധയിനം മാമ്പഴയിനങ്ങളുടെയും അപൂർവ സങ്കരയിനങ്ങളുടെയും രുചിഭേദങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമാണ് പ്രദർശനം നൽകുന്നത്. ഇരുപത്തിയഞ്ചോളം ഇനങ്ങളിലുള്ള മാമ്പഴങ്ങളാണ് പ്രദർശനത്തിലുള്ളത്.
@മാമ്പഴമാ മാമ്പഴം
മൽഗോവ, അൽഫോൻസ,ഗുദാദത്ത്, ബംഗനപ്പള്ളി ഉൾപ്പെടെ മാമ്പഴങ്ങളിലെ രുചി രാജാക്കൻമാർ മാമ്പഴപ്രേമികളുടെ കണ്ണും കരളും കവരും.ഗൃഹാതുരതയുണർത്തുന്ന മൂവാണ്ടനും പ്രിയൂരും നീലനും വെള്ളാരനുമൊക്കെ കാണുമ്പോൾ കുട്ടിക്കാലത്തെ മാമ്പഴക്കാലം ഓർമയിലുണരും. അൽഫോൺസക്ക് 100 രൂപയും, മൽഗോവയ്ക്ക് 140 രൂപയും, ബങ്കനപ്പള്ളിക്ക് നൂറ് രൂപയും,ഗുദാദത്തിന് 90 രൂപയുമാണ് വില. ഇവ കൂടാതെ രുചിഭേദത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നാടൻ മാങ്ങകളും വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന ബങ്കളോറ (തോത്താപുരി) ,പ്രിയൂർ ഇനങ്ങളും, വലുപ്പം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന മഹാരാജപസാഥ്, അമ്മിണി ,ചോട്ടാജഹാംഗീർ,ബനിഷൻ, എന്നീ ഇനങ്ങൾക്കും മേളയിൽ ആരാധകർ ഏറെയാണ്. കാണാൻ ഭംഗിയുള്ള ഇത്തിരിക്കുഞ്ഞൻ മാമ്പഴമായ ‘ചക്കരക്കുട്ടി’യ്ക്കും ആരാധകരുണ്ട്. കിലോയ്ക്ക് 150 രൂപയാണ്.
@ പേരുകൾ ന്യൂജനാണ്....പുട്ടും,മണ്ടപ്പയും,ലോഡും
ന്യൂജൻ പേരുകളുമായി പുട്ടും,മണ്ടപ്പയും,ലോഡും,രാജമാനുവും,അമ്രപാലിയും,കുറുക്കൻ മാങ്ങയും പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവയിൽ പലതിന്റെയും പേരുകേട്ടാൽ മാങ്ങയാണെന്ന് തോന്നുകയേയില്ല. മുണ്ടപ്പ, രാജമാനു,കുറുക്കൻ എന്നിവയൊക്കെ മാമ്പഴമാണെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? ഇവ കൂടാതെ സർക്കാർ തോട്ടങ്ങളിൽ അനേകവർഷങ്ങളിലെ ശാസ്ത്രീയ പരീക്ഷണ ഫലമായി ഉത്പ്പാദിപ്പിച്ചെടുത്ത സങ്കരയിനങ്ങളായ എച്ച്87, എച്ച് 45 എന്നീ ഇനങ്ങളും സൂപ്പർ ഏർളി തുടങ്ങിയ പ്ലാവുകളും പ്രദർശന നഗരിയിലുണ്ട്. പാലക്കാട് ജില്ലയിലെ മുതലമട അഗ്രി കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലെ കർഷകർ കൃഷി വിളയിച്ചെടുത്ത മാമ്പഴ ഇനങ്ങളാണ് പ്രദർശനത്തിൽ ഏറെയുള്ളത്. രാസവസ്തുക്കൾ ചേർക്കാതെ പഴുപ്പിച്ചെടുത്ത മാമ്പഴങ്ങളാണ് മേളയുടെ പ്രത്യേകത. മാങ്ങ കൂടാതെ ഒട്ടുമാവിൻ തൈകൾ, തേൻവരിക്ക തുടങ്ങി പ്ലാവിന്റെ തൈകളും പ്രദർശനത്തിനുണ്ട്. മാങ്ങ അച്ചാർ, മാങ്ങ ജ്യൂസ്, മാങ്ങ ഐസ് എന്നീ ഉത്പ്പന്നങ്ങളും കൂട്ടത്തിലുണ്ട്.
മാമ്പഴ പ്രദർശനം മേയർ ഡോ. ബീന ഫിലി്പ്പ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. കോർപറേഷൻ കൗൺസിലർ കെ . റംലത്ത്, കെ ഇ സുരേഷ് ബാബുവിന് നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. തളിപ്പറമ്പ് ജില്ലാ അഗ്രികൾച്ചറൽ ഫാം സൂപ്രണ്ട് കെ സ്മിത ഹരിദാസ്, മുതലമട അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണസംഘം ഡയറക്ടർ ആർ രവി എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി സെക്രട്ടറി അംബിക രമേഷ് സ്വാഗതവും ജനറൽ കൺവീനർ യു വി ബ്രിജി നന്ദിയും പറഞ്ഞു. പ്രദർശനം 10ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |