@കുട്ടികൂട്ടുകാർക്ക് കൂട്ടിന്
കൺസ്യൂമർ ഫെഡിന്റെ
സ്റ്റുഡന്റ്‌സ് മാർക്കറ്റും
കോഴിക്കോട്: മേയ് രണ്ട് കഴിഞ്ഞതോടെ പുത്തനുടുപ്പും കുടയും ബാഗുമായി സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. പരാതിക്ക് ഇടം നൽകാതെ യൂണിഫോമും പുസ്തകങ്ങളും സ്കൂളിൽ നിന്ന് വിതരണം തുടങ്ങിയതോടെ വർണകുടകളും ബാഗുകളുമായി സ്കൂൾ വിപണിയും സജീവമായി. മിക്കിയും ഡോറയുമാണ് ബാഗുകളിൽ താരമെങ്കിലും കുട്ടിപട്ടാളത്തോട് ചങ്ങാത്തം കൂടാൻ വേറെയും ചിലർ ഇത്തവണ എത്തിയിട്ടുണ്ട്. സാധനങ്ങൾക്കെല്ലാം വില കയറിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണവർ. ഇക്കുറി മേയ് ആദ്യവാരത്തിൽ തന്നെ സ്കൂൾ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ 'കണ്ണുപൊട്ടിക്കാൻ' കാർട്ടൂൺ കഥാപാത്രങ്ങൾ നിറഞ്ഞ ബാഗുകളും കുടകളും തന്നെയാണ് കൂടുതലും. നോട്ട് ബുക്ക്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, ചെരുപ്പുകൾ തുടങ്ങിയവയെല്ലാം വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്. ബാഗുകൾക്ക് 400 മുതലും കുടകൾക്ക് 250 മുതലുമാണ് വില. ബ്രാന്റുകൾ മാറുന്നതിനനുസരിച്ച് ബാഗുകൾക്ക് ആയിരത്തിന് മുകളിലേക്കും കുടകൾക്ക് അഞ്ഞൂറിന് മുകളിലേക്കും വരും. കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്സുകളാണ് ഇത്തവണ ശ്രദ്ധേയം. വിവിധ നിറത്തിലും പല ആകൃതിയിലുമുള്ള ബോക്സുകൾ വാങ്ങാൻ തിരക്കാണ്. 100 മുതലാണ് ഇവയുടെ വില. ബാഗ് കഴിഞ്ഞാൽ നോട്ട്ബുക്കുകളാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്. 6 ബുക്കുകളടങ്ങിയ പൊതിയ്ക്ക് 300 മുതലാണ്. 22 മുതൽ 95 രൂപവരെയുള്ള നോട്ടുബുക്കുകളും ലഭ്യമാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള കുടകളും വിപണിയിലുണ്ട്. മഴ നനഞ്ഞ് കഴിഞ്ഞാൽ മടക്കിവെക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് പെട്ടെന്ന് മടക്കിവെക്കാവുന്ന തരത്തിലുള്ള കുപ്പി കുടകൾക്കും ആവശ്യക്കാരുണ്ട്. 200 രൂപ മുതലാണ് ഇവയുടെ വില. വിവിധ നിറത്തിലുള്ളതും ചിത്രങ്ങൾ വരച്ചതുമായ കുടകൾക്കും പ്രിയം ഏറെയാണ്. ചെറിയ കാലൻ കുടയ്ക്കും ഇഷ്ടക്കാരുണ്ട്. മുംബൈയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് സാധനങ്ങൾ കൂടുതലായും കടകളിലെത്തുന്നത്.
കൺസ്യൂമർ ഫെഡ്
സ്റ്റുഡന്റ്സ് മാർക്കറ്റുകൾ
35 കേന്ദ്രങ്ങളിൽ
വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർ ഫെഡ് പല ഭാഗങ്ങളിലും സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ 35 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ നേത്യത്വത്തിൽ സ്റ്റുഡന്റ്സ് മാർക്കറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. വിവിധ കമ്പനികളുടെ സ്‌കൂൾ ബാഗുകൾ വിലക്കുറവിൽ ലഭിക്കുന്ന ബാഗ് ഹൗസ്, കുടകൾ ലഭ്യമാകുന്ന അമ്പ്രല്ലാ കോർണർ, സ്‌പോർട്സ് ഐറ്റംസിനായി സ്‌പോർട്സ് കോർണർ, ഷൂകൾ ലഭ്യമാക്കുന്ന ഷൂ മാർട്ടും, ത്രിവേണി നോട്ടുബുക്കുകൾ ലഭിക്കുന്ന നോട്ട്ബുക്ക് ഗ്യാലറി, പഠനോപകരണ വിഭാഗം , മധുരം നുണയാൻ ഐസ് ക്രീം പാർലർ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |