കോഴിക്കോട്: മെഡിക്കൽ കോളേജിൽ, തലസീമിയ രോഗികള്‍ക്ക് രക്തം നൽകുമ്പോഴുണ്ടാകുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കാനുള്ള ബ്ലഡ് ലൂക്കോ സൈറ്റ് ഫില്‍ട്ടറും മരുന്നും ഇല്ലാതായിട്ട് ഒരു വര്‍ഷം. ദുരിതത്തിലായി നിർദ്ധനരോഗികൾ.
ഇതേ തുടർന്ന് 1500 രൂപയോളം വരുന്ന സെറ്റാണ് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നത്. രണ്ടും മൂന്നും തവണ രക്തം സ്വീകരിക്കേണ്ട രോഗികളാണ് ഏറെ പ്രയാസത്തിലാവുന്നത്. മുൻപ് നീതി മെഡിക്കൽ സ്റ്റോറുകൾ വഴിവിതരണം ചെയ്തിരുന്നു. എന്നാൽ രക്തജന്യ രോഗികൾക്കുള്ള സർക്കാരിന്റെ ആശാധാര പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ നീതി മെഡിക്കൽ സ്റ്റോറിൽ സ്റ്റോക്കെടുക്കുന്നത് നിറുത്തി. പ്രശ്നം പരിഹരിക്കാൻ ലോക്കല്‍ പര്‍ച്ചേസ് നടത്തണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. കെ.ജി.സജിത്കുമാറിന് കൗണ്‍സില്‍ നിവേദനം നല്‍കി. ആശുപത്രിയില്‍ ആരോഗ്യ വകുപ്പിന് നിരവധി തവണ പരാതി നല്‍കിയിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇത് കാരണം രോഗികളുടെ ജീവനും ആരോഗ്യവും അപകടത്തിലാണ്. മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും മരുന്ന് കമ്പനികള്‍ പങ്കെടുക്കാത്ത സാഹചര്യവുമുണ്ട്. കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൃത്യമായി പണം നല്‍കാത്തതാണ് ടെന്‍ഡറില്‍ പങ്കെടുക്കാത്തതെന്നാണ് ലഭിക്കുന്ന വിവരം.
ഉള്ളത് നിറുത്തി, പുതിയവ എത്തിച്ചില്ല
ഇതിനിടെ രോഗികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് ഫില്‍ട്ടര്‍ സെറ്റ് ലഭ്യമാക്കിയിരുന്നെങ്കിലും വ്യാപകമായ പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഇതിന്റെ ഉപയോഗം സംസ്ഥാനത്ത് നിറുത്തിവച്ചു. എന്നാല്‍ സുരക്ഷിതമായവ നൽകാൻ സർക്കാർ നടപടിയെടുത്തുമില്ല. തുടര്‍ന്നാണ് ലോക്കല്‍ പര്‍ച്ചേസ് നടത്തണമെന്ന ആവശ്യം ശക്തമായത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായും ഐ.എം.സി.എച്ച് സൂപ്രണ്ടുമായും ആലോചിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് അധികൃതർ പറയുന്നത്.
മരണ കാരണമാകും തലസീമിയ
രക്തത്തിൽ സാധാരണയേക്കാൾ ഹീമോഗ്ലോബിൻ കുറവായി കാണപ്പെടുന്ന അവസ്ഥയാണിത്. ഇത് ക്ഷീണം, തളർച്ച, വിളർച്ച, വരണ്ട ചർമ്മം, ക്രമമില്ലാത്ത ഹൃദയ മിടിപ്പ് തുടങ്ങിയവയുണ്ടാക്കും. ഗുരുതരമായാൽ മരണം സംഭവിക്കാം. രോഗബാധിതരായ ഏറ്റവും കൂടുതൽ കുട്ടികളുള്ളത് ഇന്ത്യയിലെന്നാണ് കണക്ക്.
ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മരുന്നും ഫില്‍ട്ടര്‍ സെറ്റും ഉടൻ ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
കരീം കാരശ്ശേരി, സംസ്ഥാന പ്രസിഡന്റ്, ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |