കോഴിക്കോട്: ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള ജൽജീവൻ പദ്ധതി പ്രകാരം പെെപ്പിടാനെടുത്ത കുഴികൾ മൂടാതെ അധികൃതർ. ഇതോടെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂർണമായി. ഗതാഗതക്കുരുക്കും രൂക്ഷം. ഫണ്ടില്ലാത്തതാണ് റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് തടസമായി ചൂണ്ടിക്കാട്ടുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൊളിച്ച റോഡ് നന്നാക്കാൻ വാട്ടർ അതോറിറ്റി തുക അനുവദിച്ചിരുന്നില്ല. തുടർ ഘട്ടങ്ങളിൽ അനുവദിച്ചിരുന്നുവെന്ന് കരാറുകാർ പറയുന്നു. ആദ്യ മൂന്ന് ഘട്ടങ്ങളിൽ പഞ്ചായത്ത് റോഡുകൾ താത്കാലികമായി പുന:സ്ഥാപിക്കാനുള്ള തുക മാത്രമെ സർക്കാർ അനുവദിച്ചിരുന്നുള്ളൂ. പെെപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത വീതിയിൽ മാത്രമാണ് നന്നാക്കാൻ തുക അനുവദിക്കാനാകൂ എന്നാണ് സർക്കാർ നിലപാട്. എന്നാൽ റോഡ് മുഴുവൻ നന്നാക്കാൻ ചില പഞ്ചായത്തുകൾ പണം ആവശ്യപ്പെടുന്നത് പ്രാദേശിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. കുഴിച്ച റോഡ് ആര് നന്നാക്കുമെന്ന തർക്കവും തുടരുകയാണ്.
മാവൂർ പഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം പദ്ധതിക്കായി വെട്ടിപ്പൊളിച്ചിരിക്കുകയാണ്. നന്നാക്കാൻ ഫണ്ടില്ലാത്തതാണ് ഇവിടത്തെയും പ്രശ്നം. പൈപ്പ് ലെെൻ റോഡു കൂടാതെ പഞ്ചായത്തിലെ 72 ഗ്രാമീണ റോഡുകൾ വെട്ടിപ്പൊളിച്ചെന്നാണ് വിവരം. വാഹനങ്ങൾ കുഴിയിൽ പെട്ട് അപകടമുണ്ടാകുന്നതും പതിവായി. പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിൽ വാട്ടർ അതോറിറ്റി ഓഫീസുകൾക്ക് മുമ്പിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
പഞ്ചായത്ത് ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് ടാറിട്ടു നവീകരിച്ച പൈപ്പ്ലൈൻ റോഡ് 6 മാസം തികയും മുമ്പേ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി റോഡ് പൊളിച്ചു. പുത്തൻകുളം മുതൽ കണിയാത്ത് വരെ റോഡിന്റെ ഇരുഭാഗവും പൊളിച്ചതിനാൽ കാൽനടയാത്രയും ദുസഹമായി.
കരാറുകാർക്ക് കുടിശ്ശിക 910 കോടി
പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിലെ കരാറുകാർക്ക് 20 മാസത്തെ കുടിശ്ശിക മാത്രം നൽകാനുള്ളത് 910 കോടി രൂപയാണ്. മൂന്നെണ്ണം ഒഴികെയുള്ള പഞ്ചായത്തുകളിൽ പദ്ധതി പാതിവഴിയിലാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കുടിശ്ശിക മുടങ്ങാൻ കാരണമെന്നാണ് വിവരം. ഇതോടെ ബാങ്ക് വായ്പയെടുത്ത് കരാറെടുത്തവർ വെട്ടിലായി. ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാതായി. 2024ൽ പൂർത്തിയാക്കേണ്ട പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. കേന്ദ്ര, കേരള സർക്കാരുകൾ തുല്യ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ കാക്കൂർ, തുറയൂർ, കുന്നുമ്മൽ പഞ്ചായത്തുകളിൽ മാത്രമാണ് പദ്ധതി പൂർത്തിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |