കോഴിക്കോട്: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ അത്യാധുനിക രീതിയിൽ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നായ കല്ലുത്താൻകടവിലെ ന്യൂപാളയം മാർക്കറ്റ് യാഥാർത്ഥ്യമാകുന്നു. നാളെ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പച്ചക്കറി മാർക്കറ്റിലെ മൾട്ടിലെവൽ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷും ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസും നിർവഹിക്കും.
2005ലാണ് കല്ലുത്താൻകടവ് കോളനിയിലെ താമസക്കാരെ പുതിയ ഫ്ലാറ്റ് നിർമിച്ച് മാറ്റാനും ഈ സ്ഥലത്ത് പുതിയ പഴം-പച്ചക്കറി മാർക്കറ്റ് പണിയാനും തീരുമാനിച്ചത്. 2009ൽ തറക്കല്ലിട്ടു. എന്നാൽ പദ്ധതിക്കെതിരെ തുടക്കത്തിൽ തന്നെ പ്രതിഷേധവുമായി മാർക്കറ്റിലെ തൊഴിലാളികൾ രംഗത്തെത്തിയിരുന്നു.കല്ലുത്താൻകടവിൽ വാഹനങ്ങൾ എത്തുന്നതിനും മറ്റും മതിയായ സൗകര്യമില്ലെന്നും കച്ചവടം ലഭിക്കിന്നെന്നുമായിരുന്നു വ്യാപാരികളുടെ പക്ഷം.
ന്യൂ പാളയം മാർക്കറ്റ് ഇങ്ങനെ
പഴയ പാളയം മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോട് കൂടിയാണ് കല്ലുത്താൻ കടവിലെ ന്യൂ പാളയം മാർക്കറ്റ്. അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് കല്ലുത്താൻ കടവ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് (കാഡ്കോ) 100 കോടിയോളം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചത്. ആറ് ബ്ലോക്കുകളായിട്ടാണ് മാർക്കറ്റുള്ളത്. പ്രധാന ബ്ലോക്കിന്റെ മുകൾഭാഗത്തുൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാർക്കിംഗിൽ ഒരേസമയം 500 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം. മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന സമുച്ചയത്തിൽ 300 ഓളം ഫ്രൂട്‌സ് ആന്റ് വെജിറ്റബിൾ ഷോപ്പുകളാണ്. ഇതിനു പുറമെ അനുബന്ധ കച്ചവടക്കാർക്കും സൗകര്യമുണ്ട്. പാളയം മാർക്കറ്റ് അവിടെ നിന്ന് മാറ്റുന്നതിന്റെ ഭാഗമായി തൊഴിൽരഹിതരാവാനിടയുള്ള പാളയത്തെ ഉന്തുവണ്ടി പെട്ടിക്കട കച്ചവടക്കാരെ കൂടി മാർക്കറ്റിന്റെ ഭാഗമാക്കും. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച സംവിധാനവും വിശ്രമകേന്ദ്രം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മുന്നൂറിലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികളാണ് മാർക്കറ്റിലുള്ളവർക്ക് നൽകിയത്.
കോർപ്പറേഷൻ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കിയ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. നഗരഹൃദയമായ പാളയത്തെ ജനത്തിരക്കും ഗതാഗത തടസങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.
മേയർ ബീന ഫിലിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |