സുൽത്താൻ ബത്തേരി: വയലുകൾ കതിരിട്ടതോടെ കാവൽമാടങ്ങൾ ഒരുക്കുന്ന തിരക്കിലാണ് നെൽകർഷകർ. വനഗ്രാമങ്ങളോട് ചേർന്ന പ്രദേശത്തെ വയലുകളിലാണ് കാവൽമാടങ്ങൾ ഒരുങ്ങുന്നത്. വന്യമൃഗങ്ങളിൽ നിന്ന് നെൽകൃഷി സംരക്ഷിക്കുന്നതിന് കാവലിരിക്കുന്നതിനാണ് വയലുകളിൽ മാടങ്ങൾ കെട്ടുന്നത്. വയലുകൾ കതിരിടാൻ തുടങ്ങുന്നതോടെ കിളികൾ, പന്നി, മാൻ, ആട്, മയിൽ, ആന തുടങ്ങിയവ വയലുകളിലെത്തും. ഇതുമൂലം വിള കൊയ്യുംവരെ രാപ്പകൽ ഭേദമന്യേ കർഷകർക്ക് വയലുകളിൽ കാവലിരിക്കേണ്ട അവസ്ഥയാണ്. പകൽ നേരം കിളികളെയും മറ്റും ഓടിക്കാൻ സ്ത്രീകളും കുട്ടികളുമാണ് കാവലിരിക്കുന്നതെങ്കിൽ രാത്രിയിൽ ഉറക്കമൊഴിച്ച് കാവലിരിക്കുന്നത് പുരുഷന്മാരാണ്. കാട്ടാനയുൾപ്പെടെയുള്ള മൃഗങ്ങളുടെ ആക്രമണം ഏത് നേരവും പ്രതീക്ഷിക്കുന്നതിനാൽ ഉയരമുള്ള മരത്തിലും മറ്റുമാണ് കാവൽമാടങ്ങൾ കെട്ടുന്നത്.
വന്യമൃഗശല്യം രൂക്ഷമായ നൂൽപ്പുഴ പഞ്ചായത്തിലെ വനയോര ഗ്രാമങ്ങളിലെല്ലാം വയലുകളിൽ കാവൽമാടങ്ങൾ ഉയർന്നു കഴിഞ്ഞു . വന്യജീവിയെ പ്രതിരോധിക്കാൻ വനാതിർത്തികളിൽ കിടങ്ങും ഹാംഗിംഗ് ഫെൻസിംഗും ഉണ്ടെങ്കിലും അവയൊന്നും ഫലവത്താകുന്നില്ലെന്നാണ് കർഷകരുടെ പരാതി. നെല്ല് കൊയ്ത്തിനു പാകമാവും വരെ. രാവും പകലും കാവൽ ഇരുന്നില്ലെങ്കിൽ ഒരു വർഷത്തെ അദ്ധ്വാനം വന്യമൃഗങ്ങൾ കൊണ്ടുപോകും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |