നഗരത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്നു ബീച്ചിലെ ലയൺസ് പാർക്ക്. കടൽക്കാറ്റേറ്റ് കുടുംബവുമൊത്ത് സമയം ചെലവിടാനൊരിടം. എന്നാലിന്ന് പാർക്ക് തേടിയെത്തുന്നവർ സ്ഥലം മാറിയോ എന്ന് സംശയിച്ചേക്കും. നിറയെ ഒട്ടകങ്ങളും വാഹനങ്ങളും മാത്രം. കളിയുപകരണങ്ങളെല്ലാം തുരുമ്പെടുത്ത് കാടുമൂടി കിടക്കുന്ന പാർക്ക്. വായ തുറന്നുകിടക്കുന്ന സിംഹ പ്രതിമയാണ് ഇവിടെയാണ് ലയൺസ് പാർക്ക് ഉണ്ടായിരുന്നത് എന്നതിനുള്ള ഏക തെളിവ്!. 2020ൽ മേയർ ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരത്തിലേറിയപ്പോൾ നടപ്പിലാക്കുന്ന പദ്ധതികളിൽ ആദ്യം ഇടം പിടിച്ചത് ലയൺസ് പാർക്കിന്റെ നവീകരണമായിരുന്നു. എന്നാൽ ഭരണസമിതി പടിയിറങ്ങുമ്പോഴും പാർക്കിന്റെ സ്ഥിതി പഴയ പടി. ഏറെ ആഗ്രഹിച്ചിട്ടും മേയർ ബീന ഫിലിപ്പിന് നിറവേറ്റാൻ കഴിയാതെ പോയ പാർക്ക് നവീകരണം പുതിയ ഭരണ സമിതിയെങ്കിലും ഏറ്റെടുത്ത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.
ലയൺസ് പാർക്ക് നവീകരണത്തിനായി പൊളിച്ചിട്ടിട്ട് വർഷങ്ങൾ പിന്നിട്ടു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും കയറി ചെല്ലാവുന്ന സ്ഥിതിയാണ്. പാർക്കിന്റെ പല ഭാഗത്തും നിറയെ മാലിന്യക്കൂമ്പാരം. സന്ധ്യമയങ്ങിയാൽ വെളിച്ചവുമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ താവളം. നിലവിൽ ബീച്ചിലേക്ക് പോകാനുള്ള എളുപ്പവഴിയും ഇതാണ്. വാഹന പാർക്കിംഗും ബീച്ചിൽ സവാരിക്കായി കൊണ്ടുവന്ന ഒട്ടകങ്ങളുടെ താമസ കേന്ദ്രവും ഇവിടമായി.
ഏറ്രെടുത്തു പക്ഷേ, വെെകി
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പാർക്ക് ഏറ്റെടുത്തെങ്കിലും ഫണ്ട് വൈകിയതോടെ നവീകരണം നീണ്ടു. ഇതോടെയാണ് അമൃത് 02 പദ്ധതിയിൽ ഉൾപ്പെടുത്തി 7 കോടി രൂപ ചെലവിൽ നവീകരണത്തിന് കോർപ്പറേഷൻ തുനിഞ്ഞത്. വായിക്കാനിടവും കളി ഉപകരണങ്ങളും കുളവും തുടങ്ങി ആധുനിക സജ്ജീകരണങ്ങളോടെ പാർക്ക് നവീകരിക്കുന്നതായിരുന്നു പദ്ധതി. ഇതനുസരിച്ച് സി.ആർ.സെഡ് മാപ്പും റിപ്പോർട്ടും തയ്യാറാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിമോട്ട് സെൻസിംഗ് കമ്പനിക്ക് കോർപ്പറേഷൻ കൗൺസിൽ അനുമതിയോടെ കരാർ നൽകുകയും ചെയ്തു. എന്നാൽ സി.ആർ.സെഡിനു കീഴിൽ വരുന്ന സ്ഥലത്ത് നിർമാണാനുമതി ലഭിക്കുന്നതിന് സംസ്ഥാനതല കമ്മിറ്റിയുടെ അനുവാദം ആവശ്യമാണ്. ഇതു ലഭിക്കാതായതോടെ പദ്ധതി പിന്നെയും ഇഴഞ്ഞു.
നവീകരണം സംബന്ധിച്ച് സർക്കാരിന്റെ സാങ്കേതിക അനുമതി ലഭിച്ചാൽ മാത്രമേ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ.
'' സർക്കാരിന്റെ സാങ്കേതിക അനുമതി ലഭിക്കാനുണ്ട്. അത് ഉടൻ തന്നെ ലഭിക്കും.
പിന്നീട് തടസങ്ങളൊന്നുമില്ല. പ്രവൃത്തി ആരംഭിക്കും''പി. സി ദിവാകരൻ, ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |