8 ബ്ലോക്കിൽ എൽ.ഡി.എഫ്, നാലിടത്ത് യു.ഡി.എഫ്
44 പഞ്ചായത്തിൽ യു.ഡി.എഫ്, 26 എൽ.ഡി.എഫിന്
കോഴിക്കോട്: ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ ചിലയിടങ്ങളിൽ അട്ടിമറി. വടകര, ബാലുശ്ശേരി ബ്ലോക്കുകളിലും നന്മണ്ട ഗ്രാമപഞ്ചായത്തിലുമാണ് അട്ടിമറി നടന്നത്. മൂടാടി ഗ്രാമപഞ്ചായത്തിൽ വോട്ടെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധിച്ചു. വടകര ബ്ലോക്കിൽ ആർ.ജെ.ഡി കാലുവാരിയതോടെ യു.ഡി.എഫ് ഭരണം പിടിച്ചത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 12 ബ്ലോക്കുകളിൽ എട്ടെണ്ണം എൽ.ഡി.എഫ് നേടിയപ്പോൾ നാലെണ്ണം യു.ഡി.എഫ് നേടി. 44 ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് പ്രസിഡൻറുമാർ വന്നപ്പോൾ 26 പഞ്ചായത്തുകളിൽ ഇടതുപക്ഷം ഭരണം ഉറപ്പിച്ചു.
ആർ.ജെ.ഡി കാലുവാരി, വടകര ബ്ലോക്കിൽ യു.ഡി.എഫ് പ്രസിഡന്റ്
തിരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും വാർഡുകൾ തുല്യമായി വന്ന വടകര ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിലെ ആർ.ജെ.ഡി അംഗം കാലുവാരിയതോടെ പ്രസിഡന്റ് പദവി യു.ഡി.എഫിന്. നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ സി.പി.എം അംഗം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ കോൺഗ്രസ് അംഗം കാർത്തികപള്ളി വാർഡിൽ ജയിച്ച കോട്ടയിൽ രാധാകൃഷ്ണനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിലെ സി.പി.എം അംഗം കുന്നുമ്മക്കര വാർഡിൽ ജയിച്ച പ്രീതി മോഹനനാണ് വൈസ് പ്രസിഡന്റ്. ഏഴു സീറ്റുകൾ വീതമായിരുന്നു ഇരുമുന്നണികൾക്കും ലഭിച്ചിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി എഫിന് ഒപ്പമുണ്ടായിരുന്ന ആർ.ജെ.ഡി അംഗം കുഞ്ഞിപ്പള്ളി പതിനാലാം വാർഡിൽ നിന്ന് വിജയിച്ച രജനിയുടെ വോട്ടാണ് യു.ഡി.എഫ് ജനകീയ മുന്നണിക്ക് അനുകൂലമായി വന്നത്.
ബാലുശ്ശേരിയിൽ നറുക്കെടുപ്പിലും തുല്ല്യത
വാർഡുകൾ തുല്യമായി വന്ന ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിച്ചു. ആകെയുള്ള 16 വാർഡുകളിൽ എട്ടുവീതം സീറ്റുകൾ നേടി എൽ.ഡി.എഫും യു.ഡി.എഫും തുല്യത പാലിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നെങ്കിലും അവിടെയും തുല്യത വന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. മുണ്ടക്കര ഡിവിഷനിൽ ജയിച്ച സി.പി.എം അംഗം ഇസ്മയിൽ കുറുമ്പൊയിലാണ് പ്രസിഡന്റ്. മുസ്ലീം ലീഗ് അംഗം നടുവണ്ണൂർ ഡിവിഷനിൽ ജയിച്ച ഫാത്തിമ ഷാനവാസാണ് വൈസ് പ്രസിഡന്റ്.
പ്രതിഷേധവുമായി യു.ഡി.എഫ്
മൂടാടി പഞ്ചായത്ത് നറുക്കടുപ്പിൽ ഒരു എൽ.ഡി.എഫ് അംഗം വോട്ട് രേഖപ്പടുത്തിയത് അസാധുവാണെന്ന് പ്രഖ്യാപിച്ചങ്കിലും സി.പി.എം റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തി എൽ.ഡി.എഫിനെ നറുക്കടുപ്പിലൂടെ വിജയിപ്പിച്ചുവെന്നാണ് യു.ഡി.എഫ് ആരോപണം. ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണുള്ളത്. വോട്ടെടുപ്പിൽ എൽ.ഡി.എഫ് അംഗം ചെയ്ത വോട്ട് അസാധുവായതായി പ്രഖ്യാപിച്ചതോടെ യു.ഡി.എഫിനെ വിജയികളാക്കി പ്രഖ്യാപിക്കാൻ അംഗങ്ങൾ നിർദേശിച്ചു. എന്നാൽ വോട്ട് അസാധുവല്ലെന്ന് പറഞ്ഞ് റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തി നറുക്കെടുപ്പ് നടത്തിയാണ് എൽ.ഡി.എഫ് വിജയിച്ചതെന്നാണ് ആരോപണം.
നന്മണ്ടയിൽ കോൺഗ്രസ് വോട്ട് മറിഞ്ഞു
എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ 8 വീതം സീറ്റുകൾ നേടി തുല്യനിലയിൽ ആയപ്പോൾ നറുക്കെടുപ്പിലൂടെയാണ് നന്മണ്ടയിൽ പ്രസിഡൻറ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്. കോൺഗ്രസിലെ വിനിഷ ഷൈജുവിനെ പ്രസിഡൻറായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായി. അഞ്ചാം വാർഡിലെ കോൺഗ്രസ് അംഗത്തിന്റെ വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കാണ് ലഭിച്ചത്. ഇതേത്തുടർന്ന്
എൽ.ഡി.എഫിലെ ലീല പാടിക്കര വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |