കോഴിക്കോട്: മാദ്ധ്യമ ധർമ്മം കൃത്യമായി പാലിച്ച് മുന്നോട്ടുപോകുന്ന സ്ഥാപനമാണ് കൗമുദി ടി.വിയും കേരളകൗമുദിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ പറഞ്ഞു. കൗമുദി ടി.വിയുടെ പതിമൂന്നാം വാർഷികാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സാമൂഹ്യ മാറ്റത്തിൽ കേരളകൗമുദി നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്നും തുടർന്നുള്ള യാത്രയിലും മാതൃകാപരമായി മുന്നോട്ടുപോകാൻ കഴിയട്ടെയെന്നും അവർ ആശംസിച്ചു. കൗമുദി ടി.വി എക്സലൻസ് അവാർഡ് ലഭിച്ചവരെ അവർ അഭിനന്ദിച്ചു. നൂറ്റാണ്ടിലധികമായി കേരളത്തിന്റെ പൊതുമണ്ഡലത്തിൽ മാതൃകാപരമായി പ്രവർത്തിക്കുകയാണ് കേരളകൗമുദിയെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ.എസ് ജയശ്രീ പറഞ്ഞു. പതിമൂന്ന് വർഷമായി കൗമുദി ടി.വിയും ഈ മാതൃക പിന്തുടരുന്നു. കൗമുദിയെന്നാൽ നിലാവെന്നാണ് അർത്ഥം. ആ നിലയ്ക്ക് സുഖശീതളമായ വെളിച്ചം നൽകുകയാണ് കൗമുദി. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള ദോഷം നിലാവിനില്ലെന്നും പറഞ്ഞു. കൊല്ലത്തെ മയ്യനാട്ടുകാരിയായതിനാൽ തനിക്ക് കേരളകൗമുദിയെ പറ്റി കൂടുതലറിയാം. പ്രൗഢമായ വാക്കിന്റെ ശക്തി നിലനിറുത്തുന്നത് കേരളകൗമുദിയെ ശ്രദ്ധേയമാക്കുന്നുവെന്നും അത്തരം വാക്കുകൾ മനസിലെപ്പോഴും നിലനിൽക്കുമെന്നും അവർ പറഞ്ഞു. കേരളകൗമുദിയുടെ എഡിറ്റോറിയലുകൾ അത്തരത്തിലുള്ളവയാണെന്നും കൂട്ടിച്ചേർത്തു. ചടങ്ങിൽ കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |