കോഴിക്കോട്: മലാപ്പറമ്പ് ജംഗ്ഷനിൽ നിന്ന് പാച്ചാക്കലിലേക്കുള്ള സർവീസ് റോഡ് ഇന്ന് തുറക്കും. 300 മീറ്ററാണ് റോഡ്. ഇതോടെ, മലാപ്പറമ്പ് ജംഗ്ഷൻ മുതൽ തൊണ്ടയാട് ജംഗ്ഷൻ വരെ സർവീസ് റോഡ് ഗതാഗത യോഗ്യമാകും. ഇന്ന് തുറക്കുന്ന സർവീസ് റോഡിന് മുകളിൽ നിലവിൽ തദ്ദേശവാസികൾ ഉപയോഗിക്കുന്ന മറ്റൊരു പാതയുണ്ട്. ഇതും ഗതാഗത യോഗ്യമാക്കി. മലാപ്പറമ്പ് ജംഗ്ഷനടുത്ത് കിഴക്ക് ഭാഗത്തുള്ള ഭാഗത്ത് മണ്ണെടുത്തതും മഴക്കാലത്ത് മണ്ണിടിഞ്ഞതും സർവീസ് റോഡ് നിർമ്മാണം വെെകാനിടയാക്കി. കുത്തനെയുള്ള ഭാഗത്താണ് മണ്ണെടുത്തത്. ഇതാണ് മഴ പെയ്തതോടെ റോഡ് തകരാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. കുന്നിന്റെ ചെരിവുള്ള ഭാഗം ചെത്തിയെടുത്ത്, സോയിൽ നെയിലിംഗ് ചെയ്തു. തുടർന്ന് കോൺക്രീറ്റ് കട്ടകളുപയോഗിച്ച് ബലപ്പെടുത്തി. മലാപ്പറമ്പ് ജംഗ്ഷനിൽ നിന്ന് പനാത്തുതാഴത്തേയ്ക്കുള്ള സർവീസ് റോഡ് മുറിഞ്ഞതു കാരണം, മെഡിക്കൽ കോളേജ് ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പാച്ചാക്കലിൽ ദേശീയപാത മുറിച്ചു കടക്കേണ്ടി വന്നിരുന്നു.
പാച്ചാക്കൽ ക്രോസിംഗ് അടയ്ക്കും
സർവീസ് റോഡ് തുറക്കുന്നതോടെ, പാച്ചാക്കലിലെ ക്രോസിംഗ് പൂർണമായി അടയ്ക്കുമെന്നു ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. വെങ്ങളം - രാമനാട്ടുകര റീച്ചിൽ ഹൈലൈറ്റ് മാളിനു സമീപവും പന്തീരാങ്കാവ് മെട്രോമെഡ് ആശുപത്രിക്കു സമീപവും ഇനി സർവീസ് റോഡുകൾ പൂർത്തിയാകാനുണ്ട്. ഹൈലൈറ്റ് മാളിനു സമീപം നിലവിൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മെട്രോമെഡ് ആശുപത്രിക്കു സമീപം സർവീസ് റോഡ് നിർമ്മാണത്തിന് ഇതുവരെ നാഷണൽ ഹെെവേ അതോറിറ്റിക്ക് സ്‌ഥലം കൈമാറിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |