മാനന്തവാടി: രണ്ടുതവണ കൈവിട്ടുപോയ മാനന്തവാടി മണ്ഡലം ഇത്തവണ പിടിക്കാൻ ഉറച്ചിരിക്കുകയാണ് കോൺഗ്രസ്. സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ഔദ്യോഗികമായി ആലോചന തുടങ്ങിയില്ലെങ്കിലും പ്രാദേശിക തലത്തിൽ നിരവധി പേരുകൾ ഉയർന്ന് കഴിഞ്ഞു.
മുൻ മന്ത്രി പി.കെ ജയലക്ഷ്മി മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിക്കായി എ, ഐ വിഭാഗം പിടിമുറുക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജി മഞ്ജു കുട്ടന്റെ പേരാണ് ലിസ്റ്റിൽ ഒന്നാമതായി ഉയർന്നു കേൾക്കുന്നത്. എന്നാൽ ജില്ലയ്ക്ക് പുറത്ത് നിന്നൊരാൾ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം. അതെസമയം മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിർദ്ദേശ പ്രകാരമാണ് മഞ്ജു കുട്ടൻ മത്സരിക്കാൻ സന്നദ്ധ പ്രകടിപ്പിച്ചിരിക്കുന്നത് . ഇദ്ദേഹം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. എ.ഐ.സി.സിയുടെ പിന്തുണയും മഞ്ജു കുട്ടനുണ്ട്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുട്ടിൽ ഡിവിഷൻ അംഗം ശശി പന്നിക്കുഴിയിലിന്റെ പേരും കെ.പി.സി.സിയുടെ മുന്നിലെത്തിയിട്ടുണ്ട്. മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയും നിലവിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ് ശശി.
മണിക്കുട്ടൻ പണിയനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ എ.ഐ.സി.സിയെ സമീപിച്ചതായും അറിയുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, എടവക മുൻ പ്രസിഡന്റും നിലവിൽ ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ ഉഷാ വിജയൻ, മുൻ എം.എൽ.എ കെ.കെ അണ്ണന്റ മകനും അദ്ധ്യാപകനുമായിരുന്ന പി മുരളീദാസ്, സി.കെ ജാനു എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്. കോൺഗ്രസ് പുതുമുഖങ്ങളെ പരിഗണിച്ചാൽ മഞ്ജു കുട്ടനും ശശിക്കുമായിരിക്കും സാദ്ധ്യത കൂടുതൽ.
ഉയരുന്ന പേരുകൾ
ജി മഞ്ജു കുട്ടൻ
ശശി പന്നിക്കുഴി
മണിക്കുട്ടൻ പണിയൻ
മീനാക്ഷി രാമൻ
ഉഷാ വിജയൻ
പി മുരളീദാസ്
സി.കെ ജാനു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |