കോഴിക്കോട്: കുട്ടികൾക്ക് മുൻപിൽ ഒരു കുട്ടിയെ പോലെ സുനിത വില്യംസ് ഇരുന്നു. കുഞ്ഞുതമാശകൾ പറഞ്ഞു. ഇടയ്ക്ക് കുറുമ്പുകാട്ടി. കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞു. എന്റെ പ്രൊഫൈലിൽ മാത്രമാണ് ഇന്ത്യൻ വംശജ. പക്ഷേ, ഈ നാട് എന്നെ മകളായി കണ്ടെന്ന് തിരിച്ചറിയുമ്പോൾ അഭിമാനം തോന്നുന്നു. കോഴിക്കോട്ട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി എത്തിയ സുനിത വില്യംസ് കുട്ടികൾക്ക് മുൻപിൽ മനസു തുറക്കുകയായിരുന്നു.
വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ കുട്ടികളിൽ പത്തുപേരെയാണ് ചോദ്യത്തിനായി തെരഞ്ഞെടുത്തത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം സുനിത ചിരിച്ചുകൊണ്ട് പ്രതികരിച്ചു.
ബഹിരാകാശ നിലയത്തിൽ നിന്ന് നോക്കിയാൽ ഓരോ രാജ്യങ്ങളായി കാണാനാകില്ലെന്നും എല്ലാ മനുഷ്യരുമടങ്ങുന്ന ഒരൊറ്റ ഭൂമിയാണ് കാണുകയെന്നും പിന്നെന്തിനാണ് ചെറിയ കാര്യങ്ങൾക്ക് നാം പരസ്പരം വഴക്കിടുന്നതെന്നും അവർ കുട്ടികളോട് ചോദിച്ചു.
മാസങ്ങളോളം നീണ്ട യാത്രയ്‌ക്കൊടുവിൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അച്ഛൻ ചോദിച്ചത് യാത്ര സുഖമായിരുന്നില്ലേ എന്നാണ്. എനിക്കറിയാം ഇത്രയും നാൾ അച്ഛനും കുടുംബവും അനുഭവിച്ച വേവലാതികൾ. അപ്പോഴും എനിക്ക് സങ്കടമൊന്നുമുണ്ടാക്കാതെ അച്ഛൻ എനിക്ക് ഊർജമാവുന്ന വാക്കുകളാണ് നൽകിയത്. എവിടെപ്പോയാലും തിരിച്ചുവരുമ്പോൾ നമ്മുടെ കുടുംബമുണ്ടെന്നത് വലിയ ആശ്യസാമാണ്.
ആദ്യദൗത്യത്തിനായി ബഹിരാകാശത്തുപോയപ്പോൾ ഇന്ത്യക്കാരെല്ലാം എനിക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടെന്ന് അച്ഛൻ എന്നോടു പറഞ്ഞു. എന്നാൽ, അത് ഞാൻ ആദ്യം വിശ്വസിച്ചില്ല. മിഷൻ കഴിഞ്ഞ് തിരിച്ചെത്തിയശേഷം സ്‌കൂളുകളിൽ വരെ എന്റെ ചിത്രം കണ്ടപ്പോഴാണ് ഇന്ത്യയുടെ മകളായി നിങ്ങളെന്നെ സ്വീകരിച്ചത് മനസിലാക്കിയതെന്ന് അവർ കുട്ടികളോട് വികാര വായ്‌പോടെ പറഞ്ഞു.
ബഹിരാകാശത്ത് ഇനിയും പോകാൻ താത്പര്യമുണ്ടെങ്കിലും പുതുതലമുറ ആ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്. അവർക്കായാണ് ഞാൻ വഴിമാറിക്കൊടുത്തത്. എന്തൊക്കെ പ്രതിസന്ധി ജീവിതത്തിൽ നേരിട്ടാലും അതിനെയെല്ലാം ലക്ഷ്യം എന്ന ഇച്ഛാശക്തികൊണ്ട് നിങ്ങൾ നേരിടണമെന്നും കുട്ടികളോട് പറഞ്ഞു. റീമ കല്ലിംങ്കലായിരുന്നു അവതാരിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |