കോഴിക്കോട്: ഗവ. ആശുപത്രികളിൽ ഗുരുതര രോഗവുമായി എത്തുന്നവരുടെ ചികിത്സയ്ക്ക് മുൻതൂക്കം നൽകാൻ ട്രയാജ് സംവിധാനം ഏർപ്പെടുത്തുന്നതിൽ ആരോഗ്യവകുപ്പിന്റെ മെല്ലെപ്പോക്ക്. ഇതോടെ ഗുരുതര രോഗവുമായി എത്തുന്നവർക്ക് അടിയന്തര ചികിത്സ കിട്ടുന്നില്ലെന്ന് ആക്ഷേപം. അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ തേടിയെത്തുന്നവരെ രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് മുൻഗണന നൽകുന്ന സംവിധാനമാണ് ട്രയാജ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് രോഗികളെ തരം തിരിക്കുക. കഴിഞ്ഞ ഒക്ടോബറിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന് വെട്ടേറ്റ സംഭവത്തെ തുടർന്ന് അവിടെ ട്രയാജ് ഏർപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ഏതാനും ആശുപത്രികളിൽ മാത്രമെ നിലവിൽ ട്രയാജ് സംവിധാനമുള്ളൂ. ഡോക്ടർമാർ ഉൾപ്പെടെ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്നം. താമരശ്ശേരി ആശുപത്രിയിലെ ട്രായാജ് കാര്യക്ഷമമാക്കാൻ ഡി.എം.ഒ തലത്തിൽ യോഗം ചേർന്നെടുത്ത തീരുമാനങ്ങളും നടപ്പായില്ല. ബ്ളോക്ക് പഞ്ചായത്തിന്റെ ചെലവിൽ ആവശ്യമായ ഡോക്ടർമാരെയും പാരമെഡിക്കൽ സ്റ്റാഫിനെയും നിയോഗിക്കാൻ ആലോചിച്ചെങ്കിലും പ്രാവർത്തികമായില്ല.
രണ്ട് വീതം ഡോക്ടർമാരുടെയും നഴ്സുമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനമെങ്കിലും അടിയന്തരമായി വേണം.
എല്ലാ ഗവ.ആശുപത്രികളിലും ട്രയാജ് ഏർപ്പെടുത്തണമെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തു. പുതിയ പ്രൊപ്പോസൽ സമർപ്പിക്കാനാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ വേണ്ടത്ര ഡോക്ടർമാരെ നിയമിക്കാതെ ആശുപത്രികളിലെ ഒ.പി സമയം ദീർഘിപ്പിക്കാനുള്ള തീരുമാനം ഡോക്ടർമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിൽ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഒ.പി. ഇത് വെെകിട്ട് ആറ് വരെ ദീർഘിപ്പിക്കണമെന്നാണ് ഉത്തരവ്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ഇത് നടപ്പായിട്ടില്ല.
ഹൃദ്രോഗം പോലെ ഗുരുതര രോഗമുള്ളവരെയും അടിയന്തര ചികിത്സ വേണ്ടവരെയും പ്രാഥമിക ചികിത്സയ്ക്കു ശേഷം ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്നു വിഭാഗത്തിൽ പെടുത്തും.
ഹൃദ്രോഗം, നെഞ്ചുവേദന, രക്തസ്രാവം തുടങ്ങിയവയുള്ളവരെ ഈ ഗണത്തിൽ ഉൾപ്പെടുത്തും. ചികിത്സയ്ക്ക് ഇവരെ ആദ്യം പരിഗണിക്കും.
ചുവപ്പിനോളം ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളാണ് ഈ വിഭാഗത്തിൽ പെടുക. അടിയന്തര സാഹചര്യമില്ലെങ്കിലും ഇവരെ ചികിത്സിക്കാൻ വെെകരുത്.
ചുമ, ജലദോഷം പോലെ അടിയന്തര സ്വഭാവമില്ലാത്ത രോഗികളെയാണ് ഈ ഗണത്തിൽ പെടുത്തുക. ഇവർക്ക് ചികിത്സ അൽപ്പം വെെകിയാലും കുഴപ്പമുണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |