കോഴിക്കോട്: കടുത്ത വേനൽചൂടിലും ജില്ലയിലെ 43131 വിദ്യാർത്ഥികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതും. 43,082 റെഗുലർ വിദ്യാർത്ഥികളും പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 49 കുട്ടികളുമാണ് പരീക്ഷാ ഹാളിലെത്തുന്നത്. 183 കേന്ദ്രങ്ങളിലായാണ് പരീക്ഷ. വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. 61 കേന്ദ്രങ്ങളിലായി 15812 വിദ്യാർത്ഥികൾ. ഇതിൽ 15806 പേർ റഗുലർ വിദ്യാർത്ഥികളും ആറ് പ്രൈവറ്റ് വിദ്യാർത്ഥികളുമാണ്. ഇന്ന് രാവിലെ 9.30 ന് ഒന്നാം ഭാഷയോടെ പരീക്ഷ ആരംഭിക്കും. 30 ന് ബയോളജിയോടെ പരീക്ഷകൾ അവസാനിക്കും. 4122 അദ്ധ്യാപകർക്കാണ് പരീക്ഷ ഡ്യൂട്ടി ഉണ്ടാവുകയെന്നും പരീക്ഷ സുഗമമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും തയ്യാറായതായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ടി.അസീസ് അറിയിച്ചു. വിദ്യാഭ്യാസ ജില്ല തിരിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഓരോ ദിവസത്തെയും ചോദ്യപേപ്പർ ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. കോപ്പിയടിക്കുന്നുണ്ടോ എന്നത് ഉൾപ്പെടെ നിരീക്ഷിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിലും ഡി.ഡി.ഇ തലത്തിലും സ്‌ക്വാഡ് പ്രവർത്തിക്കും.
ജില്ലയിൽ 183 കേന്ദ്രങ്ങൾ
കൂടുതൽ കുട്ടികൾ മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ......1168 പേർ
കുറവ് ........പേരാമ്പ്ര പ്ലാന്റേഷൻ ഹൈസ്കൂൾ..........6 പേർ
കോഴിക്കോട് വിദ്യാഭ്യാസ ജില്ല
67 കേന്ദ്രങ്ങൾ- 12149 വിദ്യാർത്ഥികൾ
താമരശ്ശേരി വിദ്യാഭ്യാസ ജില്ല
71....കേന്ദ്രങ്ങൾ....... 15170 വിദ്യാർത്ഥികൾ
വടകര വിദ്യാഭ്യാസ ജില്ല
61 കേന്ദ്രങ്ങൾ - 15812 വിദ്യാർത്ഥികൾ
പ്ലസ് ടു എഴുതാൻ 48,101 പേർ
വെള്ളിയാഴ്ച ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയെഴുതുന്നത് ജില്ലയിൽ നിന്ന് 48,101 വിദ്യാർത്ഥികൾ. 174 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 43,329 വിദ്യാർത്ഥികൾ റെഗുലർ വിഭാഗത്തിലും 4637 വിദ്യാർത്ഥികൾ ഓപ്പൺ വിഭാഗത്തിലും പരീക്ഷയെഴുതും. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 135 കുട്ടികളും പരീക്ഷയ്ക്കിരിക്കും. 2000 ഹയർ സെക്കൻഡറി അദ്ധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |