സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം
കോഴിക്കോട്: സുരക്ഷിതവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പൂർണ സജ്ജമാണെന്ന്
ജില്ല കളക്ടറും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്‌നേഹിൽ കുമാർ സിംഗ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും കളക്ടർ അറിയിച്ചു. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനായി പ്രത്യേകം ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴിയാക്കണം. ജില്ലയിൽ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ലൈസൻസുള്ള ആയുധങ്ങൾ നിശ്ചിത പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കണം. സർക്കാരിന്റെ പുതിയ പദ്ധതികൾ, ഉദ്ഘാടനങ്ങൾ, വോട്ടർമാരെ സ്വാധീനിക്കുന്ന പരസ്യങ്ങൾ എന്നിവ പാടില്ല. ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ മോണിറ്ററിംഗ് ആൻഡ് മീഡിയ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. ഇതിനായി എം.സി.എം.സി ടീമും മീഡിയ സെല്ലും സജ്ജമാണ്.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യാനായി പ്രത്യേക സൗകര്യമൊരുക്കും. അർഹരായ വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടാക്കും. 85 വയസിന് മുകളിലുള്ളവർ, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതർ എന്നിവർക്ക് 'ഫോം 12ഡി' സമർപ്പിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ ബി.എൽ.ഒ മുഖേന അപേക്ഷിക്കണം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ് ഉപയോഗിക്കാം. ഇതിലൂടെ ലഭിക്കുന്ന പരാതികളിൽ 100 മിനിറ്റിനകം നടപടി സ്വീകരിക്കും. സംശയങ്ങൾക്കായി 1950 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. ഇ.വി.എമ്മുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായതായും കളക്ടർ പറഞ്ഞു.
ആകെ വോട്ടർമാർ.... 26,57,478
സ്ത്രീ വോട്ടർമാർ.... 13,59,102
പുരുഷ വോട്ടർമാർ.... 12,98,343
ട്രാൻസ്ജൻഡർ.... 33
പ്രവാസി വോട്ടർമാർ.... 57,679
കന്നി വോട്ടർമാർ (18-19 വയസ്).... 56,127
ആകെ വോട്ടെടുപ്പ് കേന്ദ്രങ്ങൾ....2,837
3,550 ബാലറ്റ് യൂണിറ്റ്
3,550 കൺട്രോൾ യൂണിറ്റ്
3,830 വിവി പാറ്റുകൾ
39 ഫ്ലൈയിംഗ് സ്ക്വാഡുകൾ
കോഴിക്കോട്: സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്നതിനും വോട്ടർമാരെ സ്വാധീനിക്കാൻ പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്നത് തടയുന്നതിനുമായി ജില്ലയിൽ വിവിധ സ്ക്വാഡുകൾ രൂപീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്ലൈയിംഗ് സ്ക്വാഡുകളും ഒമ്പത് സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുമാണ് പ്രവർത്തിക്കുക. 13 വീഡിയോ സർവൈലൻസ് ടീമും പ്രവർത്തിക്കും. സ്ഥാനാർത്ഥി, ഏജന്റ്, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ 50,000 രൂപയിൽ കൂടുതൽ സൂക്ഷിക്കുകയോ മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ തുടങ്ങിയവ കൈവശം വെക്കുകയോ ചെയ്താൽ ജനപ്രാതിനിധ്യ നിയമപ്രകാരം കർശ നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |