@ 5 കടകൾ അടപ്പിച്ചു, 11 കടകൾക്കെതിരെ നോട്ടീസ് നൽകി
കോഴിക്കോട്: ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയത്തെ നഴ്സ് മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന കടുപ്പിച്ചു. ഹോട്ടലുകളിലും സ്ഥാപനങ്ങളിലുമടക്കം വ്യാപകമായ പരിശോധനയാണ് ഇന്നലെ നടന്നത്. സിറ്റി, പേരാമ്പ്ര, കൊടുവള്ളി, ബാലുശ്ശേരി എന്നിവിടങ്ങളിലായി 59 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലും ലെെസൻസില്ലാതെ പ്രവർത്തിച്ചതുമായ 5 സ്ഥാപനങ്ങൾ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചത്. 11 കടകൾക്കെതിരെ നോട്ടീസ് നൽകി. നാല് സ്ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.
നാല് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ പരിശോധന. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണമാണ് പിടിച്ചെടുത്തതെല്ലാം. ഭക്ഷ്യവിഷബാധ ആവർത്തിക്കുമ്പോഴും മതിയായ രീതിയിൽ ലാബ് പരിശോധനാ സംവിധാനം കേരളത്തിലില്ലെന്നത് തിരിച്ചടിയാണ്. സംസ്ഥാന കലോത്സവം നടക്കുന്ന സാഹചര്യത്തിലും വഴിയോര കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഭക്ഷണം കഴിക്കാൻ നിരവധി പേരാണ് എത്തുന്നത്. പ്രധാന വേദികൾ കേന്ദ്രീകരിച്ച് നടത്തുന്ന കച്ചവട സ്ഥാപനങ്ങളിലും പരിശോധന വ്യാപകമായി നടക്കുന്നുണ്ട്.
ക്രിസ്മസ്, ന്യൂ ഇയർ വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ പരിശോധന കടുപ്പിച്ചിരുന്നു. ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയാൽ ആറു മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെയും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നാൽ മൂന്നു ലക്ഷം രൂപ വരെയുമാണ് പിഴ ഈടാക്കുക. ഒരു ഭക്ഷ്യവസ്തു ലേബലിൽ തൂക്കം, വില, പോഷക ഘടകങ്ങൾ, ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ, ഉത്പ്പാദന തീയതി, ഉപയോഗയോഗ്യമായ കാലാവധി, വെജിറ്റേറിയൻ/ നോൺവെജിറ്റേറിയൻ ലോഗോ എന്നിവ രേഖപ്പെടുത്തണം.12 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ലൈസൻസും 12 ലക്ഷം രൂപയിൽ വാർഷികവരുമാനം കുറവുള്ള സ്ഥാപനങ്ങൾ രജിസ്‌ട്രേഷനുമാണ് എടുക്കേണ്ടത്.
''കലോത്സവം നടക്കുന്നതിനാൽ ജില്ലയിൽ കർശന പരിശോധനയാണ് നടക്കുന്നത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകും. വരും ദിവസങ്ങളിലും പരിശോധന തുടരും''
വിനോദ് കുമാർ,
ഭക്ഷ്യസുരക്ഷാഓഫീസർ,
കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |