കോഴിക്കോട്: ഇടതുമുന്നണിക്ക് കളങ്കമുണ്ടാക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കരുതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. കോംട്രസ്റ്റ് തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.ടി.യു.സി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ നടത്തിയ അനുഭാവ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി കോഴിക്കോടിന്റെ മാത്രം പൈതൃകസ്വത്തല്ല, കേരളത്തിന്റെയും രാജ്യത്തിന്റെയും പൈതൃക സ്ഥാപനമാണ്. സ്ഥാപനവും തൊഴിൽ പാരമ്പര്യവും നിലനിൽക്കേണ്ടത് കേരളം ആര് ഭരിച്ചാലും ഭരണാധികാരികളുടെ ചുമതലയാണ്. നിയമനിർമ്മാണസഭ പാസാക്കുന്ന നിയമങ്ങൾ എല്ലാ ഘടകങ്ങളും സൂക്ഷ്മമായി പരിശോധിച്ച് തയ്യാറാക്കുന്നതാണ്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ബില്ലിന് അനുസൃതമായി ചട്ടങ്ങൾ നിർമിച്ച് നിയമം പ്രാബല്യത്തിൽ വരുത്തുക എന്നത് സർക്കാരിന്റെ ചുമതലയാണ്. അത്തരം ചുമതലകൾക്ക് കാലതാമസം വരുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റും സമരസമിതി കൺവീനറുമായ ഇ.സി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ.നാസർ, അഡ്വ.പി.ഗവാസ്, അഡ്വ. സുനിൽ മോഹനൻ, പി. വി. മാധവൻ എന്നിവർ പ്രസംഗിച്ചു. പി.ശിവപ്രകാശ്, എം മുഹമ്മദ് ബഷീർ, പി.പി. മോഹനൻ, യു. സതീശൻ, വി. ടി. ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതിന് കേരള നിയമസഭ 2012ൽ പാസാക്കിയ ബില്ലിന് 2018ൽ. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ നാലുവർഷം പിന്നീട്ടിട്ടും തുടർനടപടികൾ ത്വരിതപ്പെടുത്താതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് രണ്ടാംഘട്ട അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചത്. 22 ദിവസം പിന്നിട്ട സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ടാണ് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുഭാവ സത്യഗ്രഹസമരം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |