മലപ്പുറം: യാത്രക്കാരുടെ എണ്ണം കൂടിയിട്ടും കൊവിഡിൽ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനഃസ്ഥാപിക്കാതെ അധികൃതർ. ജില്ലയിൽ 184 ഷെഡ്യൂളുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 129 ആയി ചുരുങ്ങി. 55 ഷെഡ്യൂളുകളുടെ കുറവ്. യാത്രക്കാരുടെ എണ്ണം കൂടുംമുറയ്ക്ക് സർവീസ് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എംപാനലുകാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് അധികൃതർ നടപടിയെടുക്കാത്തത്. പ്രതിദിനം ശരാശരി അരലക്ഷത്തോളം പേർ ജില്ലയിൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ട്.
മലപ്പുറം ഡിപ്പോയിൽ നിന്ന് 47 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് 32 ആയി ചുരുക്കി. പെരിന്തൽമണ്ണയിലും പൊന്നാനിയിലും 45 വീതം ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് ഇപ്പോൾ യഥാക്രമം 32, 34 എന്നിങ്ങനെയായും നിലമ്പൂരിലെ 47 ഷെഡ്യൂളുകൾ 31 ആയും ചുരുങ്ങിയിട്ടുണ്ട്. ഓരോ അരമണിക്കൂറിലും ടൗൺ ടു ടൗൺ സർവീസ് ഉണ്ടായിരുന്ന കോഴിക്കോട് - വഴിക്കടവ് റൂട്ടിൽ ഇപ്പോൾ ഒന്നര മണിക്കൂർ ഇടവിട്ടാണ് ബസുകളുള്ളത്. ജില്ലയിൽ ബസുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. നാല് ഡിപ്പോകളിലായി 175 ബസുകളാണുള്ളത്. നേരത്തെ ഉണ്ടായിരുന്ന ഷെഡ്യൂളുകൾ നടത്താൻ ഈ ബസുകൾ കൊണ്ട് കഴിയില്ല. വരുമാനത്തിന്റെ കാര്യത്തിലും ജില്ലയിലെ ഡിപ്പോകൾ പിന്നിലല്ല. ടാർജെറ്റിന്റെ 80 ശതമാനം മിക്ക മാസങ്ങളിലും കൈവരിക്കുന്നുണ്ട്.
ഇവിടങ്ങളിൽ വേണം സർവീസുകൾ
20 ബസുകൾ വരെ സർവീസ് നടത്തിയിരുന്ന തിരൂർ - മഞ്ചേരി റൂട്ടിൽ നിലവിൽ മൂന്ന് ബസുകൾ മാത്രമാണുള്ളത്. യാത്രക്കാർ ഏറെയുള്ള ഈ റൂട്ട് ഇന്ന് സ്വകാര്യ ബസുകളുടെ കുത്തകയായി മാറിയിട്ടുണ്ട്. മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലും ഇതും തന്നെയാണ് അവസ്ഥ. ഈ റൂട്ടുകളിലെ കെ.എസ്.ആർ.ടി.സി സർവീസുകൾ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാനിപ്പിച്ചത്. സ്വകാര്യ ബസ് ലോബികൾക്ക് വേണ്ടി സർവീസ് നഷ്ടത്തിലാക്കിയെന്ന ആരോപണവുമുണ്ട്. ലാഭകരമല്ലാത്ത സർവീസുകൾ പുനഃക്രമീകരിക്കണമെന്ന കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ ഉത്തരവ് മറയാക്കി. അന്തർസംസ്ഥാന സർവീസായിരുന്ന മലപ്പുറം - ബംഗളൂരു ബസും ഇപ്പോഴില്ല. കെ.എസ്.ആർ.ടി.സിയുടെ ഉയർന്ന കളക്‌ഷനുള്ള അഞ്ച് സൂപ്പർ ഫാസ്റ്റ് സർവീസുകൾ സ്വിഫ്റ്റിന് വിട്ടുകൊടുത്തേക്കും. യാത്രക്കാർക്ക് ഏറെ ഗുണകരമാവുന്ന ഓർഡിനറി സർവീസുകൾ മിക്കതും ടൗൺ ടു ടൗൺ സർവീസുകളായാണ് ഓടുന്നത്. ഫലത്തിൽ ഓർഡിനറിയുടെ ഗുണം ലഭിക്കുന്നില്ല.
സർവീസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ചിട്ടില്ല. ജീവനക്കാരുടെ കുറവ് കൂടി പരിഹരിക്കപ്പെടണം.
വി.ഷാജി, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ, മലപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |