മലപ്പുറം: ജില്ലയിൽ 373 വാർഡുകൾ ജലദൗർലഭ്യം നേരിടുന്ന ഹോട്ട്സ് സ്പോട്ടുകളെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പഠന റിപ്പോർട്ട്. ആകെയുള്ള 2,512 വാർഡുകളിൽ 15 ശതമാനത്തോളം ഇടങ്ങളിലും ജലദൗർലഭ്യം നേരിടുന്നുണ്ട്. എത്രം മാത്രം വീടുകളിൽ ജലദൗർബല്യം നേരിടുന്നുണ്ട് എന്നത് പഠിക്കുന്നതിനായി ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കേരള വന ഗവേഷഷണ ഇൻസ്റ്റിറ്റ്യൂട്ട്, കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2024 മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ ഓരോ പഞ്ചായത്തുകൾ തോറും വിദഗ്ദസംഘം നേരിട്ടെത്തിയാണ് വിവര ശേഖരണം നടത്തിയത്. സംസ്ഥാനാടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ നടത്തിയ പഠനത്തിൽ 2,567 വാർഡുകൾ ഹോട്ട്സ് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി റിപ്പോർട്ട് അടുത്ത ആഴ്ച സർക്കാരിന് സമർപ്പിക്കും. വീടുകളിൽ കിണറോ, കുഴൽ കിണറോ ഉണ്ടോ, പൈപ്പ് വെള്ളം ലഭ്യമാണോ, ഉണ്ടെങ്കിൽ ആഴ്ചയിൽ എത്ര ദിവസം ലഭിക്കും, വരൾച്ചാ സമയത്ത് വീട് മാറേണ്ട സാഹചര്യമുണ്ടോ, സമീപത്തെ ജലസ്രേതസ്സിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഈ വർഷം വേനൽ കടുക്കുംമുമ്പെ തന്നെ ജില്ലയിൽ പലയിടങ്ങളിലും ജലദൗർലഭ്യം രൂക്ഷമായിട്ടുണ്ട്. ഭാരതപുഴയെ ആശ്രയിച്ചുള്ള പല ഗ്രാമീണ കുടിവെള്ള പദ്ധതികളും നിലയ്ക്കുന്ന മട്ടാണ്. വെള്ളം കുറവായതിനാൽ പമ്പിംഗ് സമയം വെട്ടിക്കുറക്കുന്നുണ്ട്. പ്രളയത്തിൽ മണ്ണും മണലും അടിഞ്ഞ് ആഴം കുറഞ്ഞതും പുഴ നേരത്തെ വറ്റാൻ കാരണമായിട്ടുണ്ട്.
ജൽജീവന് വേണം വേഗം
കുടിവെള്ളക്ഷാമത്തിന് പരിഹാരമാവേണ്ട ജൽ ജീവൻ മിഷൽ പദ്ധതി യാഥാർത്ഥ്യമായാൽ നിലവിലെ പ്രശ്നങ്ങൾക്ക് വലിയതോതിൽ പരിഹാരമാവും. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതിയുടെ വേഗക്കുറവാണ് തടസ്സം. 2020 - 21 സാമ്പത്തിക വർഷം തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ 2,18,850 വീടുകളിലാണ് കുടിവെള്ള കണക്ഷൻ നൽകിയത്. ജില്ലയിൽ 6,52,951 ടാപ്പ് കണക്ഷനുകൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാക്കാൻ 4,34,109 കണക്ഷനുകൾ കൂടി നൽകേണ്ടതുണ്ട്. നിലവിൽ 33.53 ശതമാനം പദ്ധതി പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കാലാവധി 2028 ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |