കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റ് മലിനീകരണത്തിനെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. അനേക വർഷങ്ങളായുള്ള മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കിയതിനാലാണ് ജനങ്ങൾ പ്രതിഷേധത്തിനിറങ്ങുന്നത്. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മലിന ജലം പുറംതള്ളുന്ന
ഫാക്ടറി ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായി മലിനീകരണത്തിന് ഇരയായിട്ടുള്ള നാട്ടുകാരുടെ യോഗം ശനിയാഴ്ച വൈകുന്നേരം പുല്ലങ്കോട് മദ്രസ്സയിൽ ചേർന്നു.എസ്റ്റേറ്റ് ഫാക്ടറിയിൽ പുറത്തേക്കൊഴുക്കുന്ന മാലിന്യങ്ങൾ കാരണം പരിസരത്തെ കിണറുകൾ ഉൾപ്പടെയുള്ള ജലസ്രോതസ്സുകൾ മലിനമാകുന്നതായും വായു ദുർഗ്ഗന്ധമായതായും യോഗം വിലയിരുത്തി. സമരത്തിന്റെ തുടർനടപടികളുടെ ഭാഗമായി അടുത്ത ശനിയാഴ്ച വൈകുന്നേരം പുല്ലങ്കോട് വെച്ച് ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിക്കും. ഒരു നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ജില്ലയിലെ ഏറ്റവും റബ്ബർ സംസ്‌കരണ ഫാക്ടറിയാണ് പുല്ലങ്കോടുള്ളത്. ഇവിടെ നിന്നും പുറം തള്ളുന്ന മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്.എന്നാൽ ഫലപ്രദമല്ല എന്നതാണ് നാട്ടുകാർ പറയുന്നത്.ഇതിൽ നിന്നും മലിന ജലം തൊട്ടടുത്ത ജലസ്രോതസ്സുകളിൽ കലരാൻ ഇടയാകുന്നുണ്ട്. മലയോര ഹൈവെയിൽ പുല്ലങ്കോട് ടൗണിനോട് ചേർന്നാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ധാരാളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിന്നുള്ള മലിന ജലവും ദുർഗന്ധവും പ്രദേശത്തെ കുടുംബങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
അഞ്ഞൂറോളം തൊഴിലാളികൾ നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന എസ്റ്റേറ്റ് നിലച്ചു പോകരുതെന്നാണ് നാട്ടുകാർ പറയുന്നത്.
ശ്വാശ്വത പരിഹാരം കാണണം
മലിനീകരണത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശുദ്ധീകരണ യൂണിറ്റിൽ നിന്നും പുറത്തേക്കൊഴുക്കുന്ന ജലം പരിശോധിച്ചതിൽ പരിധിക്കപ്പുറം മാലിന്യ ഘടകങ്ങൾ ഉണ്ടെന്നും നേരത്തെ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.എസ്റ്റേറ്റിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന
പ്രവർത്തനമല്ല നാട്ടുകാരുടെ ലക്ഷ്യമെന്നും വിജനമായ സ്ഥലത്ത് ഫാക്ടറി സ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളതെന്നും സംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു.മുൻ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച് ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡൻറ് പി.ഖാലിദ് മാസ്റ്റർ,സംരക്ഷണ സമിതി ചെയർമാൻ പി.രാഹിദ്, കൺവീനർ മുസ്തഫ കിളിയ മണ്ണിൽ, ട്രഷറർ നൗഷാദ് പുന്നക്കാടൻ, എ.പി അബു, മാനീരി ഹസ്സൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ ഫാക്ടറി ഉൾപ്പെടുന്ന സമുച്ചയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |