കാളികാവ്: മനുഷ്യവന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടം അവസാനിച്ചു. പഞ്ചായത്തുകളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിൽ ലഭിച്ച പരാതികൾ തീരെ കുറവാണ്.
150ന് താഴെ പരാതികളാണ് കാളികാവ് റെയ്ഞ്ചിനു കീഴിലെ ആറു പഞ്ചായത്തുകളിലായി ലഭിച്ചത്.
ഹെൽപ് ഡസ്‌കുകളിൽ ലഭിച്ച പരാതികളിൽ പഞ്ചായത്തുകളിൽ തീർപ്പാക്കാൻ കഴിയുന്നവ റെയ്ഞ്ചിനു കീഴിൽ തീരുമാനമാക്കും.
ഒക്ടോബർ ഒ 15 വരെ ജില്ലാ ഭരണകൂടത്തിനു കീഴിൽ നടക്കുന്ന പരിപാടികളിൽ വകുപ്പു മേധാവികൾ, എം.എൽ.എമാർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ തീരുമാനമെടുക്കും.
മൂന്നാം ഘട്ടം ഒക്ടോബർ 16 മുതൽ 30 വരെ നടക്കും. രണ്ടുഘട്ടത്തിലും തീരുമാനമാകാത്ത പരാതികളിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, എം എൽ എ മാർ ത്രിതല പഞ്ചായത്തു പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തീരുമാനമെടുക്കും.
പഞ്ചായത്തുതലങ്ങളിൽ ലഭിച്ച പരാതികൾ അധികവും കൃഷി നാശവും നഷ്ടപരിഹാരവും ബന്ധപ്പെട്ടാണുള്ളത്. ഇലക്ട്രിക് വേലികൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഒട്ടേറെ പരാതികളും ലഭിച്ചിട്ടുണ്ട്.
പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളിൽ പരാതി നിക്ഷേപിക്കാൻ ആരും എത്താത്തതിനാൽ കിഫയുടെ നേതൃത്വത്തിൽ കർഷകരുടെ വീടുകളിൽ ചെന്ന് പരാതി ശേഖരണം നടത്തിയിട്ടുണ്ട്.
വനം വകുപ്പിനു കീഴിൽ നടക്കുന്ന തീവ്ര യജ്ഞ പരിപാടി പ്രഹസനമാണെന്നാണ് കർഷകരുടെ അഭിപ്രായം.ഇതാണ് പഞ്ചായത്തുകളിൽ പരാതികളുടെ എണ്ണം കുറയാൻ കാരണം.ഇതുവരെയുള്ള കൃഷിനാശത്തിന് ഒരു രൂപ പോലും നഷ്ട പരിഹാരം ലഭിക്കാത്ത കർഷകരാണ് അധികവും.ഇതാണ് തീവ്ര യജ്ഞ പരിപാടിയുമായി കർഷകർ വിമുഖത കാണിക്കാൻ കാരണമായി പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |