മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്‌നേഹിത എക്‌സ്റ്റെൻഷൻ സെന്ററുകളിൽ ഇതുവരെ എത്തിയത് 167 കേസുകൾ. ഗാർഹിക പ്രശ്നങ്ങളും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും എത്തുന്നത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് നിലമ്പൂർ സബ് ഡിവിഷന് കീഴിലാണ്, 40 എണ്ണം. കുറവ് റിപ്പോർട്ട് ചെയ്തത് പെരിന്തൽമണ്ണ സബ് ഡിവിഷന് കീഴിലാണ്, 11 എണ്ണം. ഈ വർഷം മാർച്ച് 15നാണ് പദ്ധതി ആരംഭിച്ചത്.
വിവിധ ആവശ്യങ്ങൾക്കായി ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളിൽ എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണ ആവശ്യമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസലിംഗാണ് സ്‌നേഹിതയിലൂടെ നൽകുന്നത്. സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കിന് കീഴിൽ കൗൺസലിംഗ് രംഗത്ത് പരിചയ സമ്പത്തുള്ള കമ്മ്യൂണിറ്റി കൗൺസിലർമാരാണ് എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നത്. ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും ഓരോ കമ്മ്യൂണിറ്റി കൗൺസിലർമാരുണ്ട്.
പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കുക, കൗൺസലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരം മെച്ചപ്പെടുത്താൻ പൊലീസിനെ സഹായിക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം ചെയ്യുക, മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പിന്തുണ നൽകുക, മാനസിക നില മുൻകൂട്ടി പരിശോധിക്കുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ തോത് പരിശോധിക്കുക, മാനസികാരോഗ്യ നിലയിൽ സുസ്ഥിര വികസനം ഉറപ്പാക്കുക എന്നിവയാണ് കമ്മ്യൂണിറ്റി കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും അനുസരിച്ച് പൊലീസിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് കൗൺസലിങ്ങ് സേവനങ്ങൾ നൽകുന്നത്.
ആഴ്ചയിൽ രണ്ട് ദിവസമാണ് പ്രവർത്തനം.
ജില്ലയിലെ സബ് സെന്ററുകളും കേസുകളുടെ എണ്ണവും
നിലമ്പൂർ - 40
മലപ്പുറം - 39
തിരൂർ - 32
താനൂർ - 30
തേഞ്ഞിപ്പാലം - 15
പെരിന്തൽമണ്ണ - 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |