കാളികാവ്: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ച പുല്ലങ്കോട് എസ്റ്റേറ്റ് ഫാക്ടറി മാലിന്യവിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മലിനീകരണബോർഡ് നിർദ്ദേശിച്ചു.ഫാക്ടറിയിൽ നിന്നും മലിന ജലം പുറത്തേക്ക് ഒഴുകിയതുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി.പരാതിയെ തുടർന്ന് കഴിഞ്ഞ മാസം 26 ന് മലിനീകരണ ബോർഡ് എൻജിനീയർമാർ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഒമ്പത് കാര്യങ്ങൾ ഉടനടി നടപ്പാക്കാൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകി. പരാതിക്കടിസ്ഥാനമായ കാര്യങ്ങൾ പരിഹരിച്ച് മലിനീകരണ പ്രശ്നം ഇല്ലാതാക്കാനും കർശന നിർദ്ദേശം നൽകി. ഇതു സംബന്ധിച്ചുള്ള പരിശോധന റിപ്പോർട്ട് എസ്റ്റേറ്റ് മാനേജ്‌മെന്റിനും ചോക്കാട് പഞ്ചായത്ത് അധികൃതർക്കും മലിനീകരണ ബോർഡ് കൈമാറിയിട്ടുണ്ട്. മലിന ജലം ശുദ്ധികരിക്കുന്ന ഇ.ടി.പി സോക്പിറ്റിനുമുകളിൽ സ്ലാബുകൾ വെച്ച് മൂടുക, മാൻഹോൾ സ്ഥാപിക്കുക, ശുദ്ധീകരണ പ്ലാന്റിന്റെ പരിഷ്‌കാരങ്ങൾ ബോർഡിനെ അറിയിക്കുക, ഫാക്ടറിയിൽ നിന്നുള്ള ഒരു തരത്തിലുള്ള വെള്ളവും പുറത്തേക്ക് ഒഴുക്കാതിരിക്കുക, മലിനീകര പ്ലാന്റിലെ ജല ശുദ്ധീകരണ റിപ്പോർട്ട് സൂക്ഷിക്കുക, ഫാക്ടറിയിലുള്ള തൊഴിലാളികൾക്ക് പി.പി.ഇ കിറ്റ് നൽകുക ,പരിസരത്ത് ദുർഗന്ധം ഉണ്ടാവാതിരിക്കാൻ നടപടിയെടുക്കുക തുടങ്ങി ഒമ്പത് കാര്യങ്ങളാണ് മാനേജ്‌മെന്റിനോട് നിർദ്ദേശിച്ചിട്ടുള്ളത്. അതേസമയം, ജനവാസമേഖലയായ പുല്ലങ്കോട് അങ്ങാടി പരിസരത്തു നിന്ന് നിന്ന് ഫാക്ടറി മാറ്റണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്. ഈ ആവശ്യവുമായി നാട്ടുകാർ പ്രതിഷേധത്തിലാണ്.എസ്റ്റേറ്റ് ഫാക്ടറിയിൽ നിന്നുള്ള മലിന ജലം പുറത്ത്‌പോകാതെ സംസ്‌കരിക്കുമെന്നും മലിനീകരണ ബോഡിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
പുല്ലങ്കോട് എസ്റ്റേറ്റ് ഫാക്ടറി കോമ്പൗണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |