മലപ്പുറം: നാടെങ്ങും ഇനി തിരഞ്ഞെടുപ്പ് ആരവ കാലം. ജനവിധി തേടിയുള്ള സ്ഥാനാർത്ഥികളുടെ പര്യടനവുമായി തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കാനിരിക്കെ ജില്ലയിലെ മലയോര മേഖലയും അരയും തലയും മുറുക്കി അങ്കത്തിന് ഇറങ്ങുകയാണ്. കാളികാവ്, കരുവാരകുണ്ട്, തുവ്വൂർ, ചോക്കാട് പഞ്ചായത്തുകളിൽ മുന്നണികൾക്കിടയിലുള്ള സീറ്റ് ധാരണ പൂർത്തിയായിട്ടുണ്ട്. പലരും മത്സരിക്കാൻ കരുതിവെച്ച വാർഡുകൾ സംവരണപ്പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സീറ്റ് മോഹികൾ അസ്വസ്ഥതയിലാണ്. അതത് വാർഡുകളിലെ വോട്ടർമാരുടെ ശക്തമായ എതിർപ്പ് കാരണം ഇറക്കുമതി സ്ഥാനാർത്ഥികളെ അനുവദിക്കാത്ത സാഹചര്യം നാല് പഞ്ചായത്തുകളിലും നിലനിൽക്കുന്നതും സീറ്റ് സ്വപ്നവുമായി നടക്കുന്നവർക്ക് ഇരുട്ടടിയായി.സീറ്റ് വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർത്ഥിത്വം കൊതിച്ച് നിരവധി പേർ രംഗത്തെത്തുന്നതോടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞിട്ടില്ല. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായില്ലെങ്കിലും പല വാർഡുകളിലും വിമത ശല്യം തലപൊക്കിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയം പൂർത്തിയായാൽ വിമത ശല്യം വലിയ രീതിയിൽ ഉയർന്നേക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. ശക്തരായ മത്സരാർത്ഥികളെ കിട്ടാത്ത അവസ്ഥയും മുന്നണികളിലുണ്ട്. കാളികാവ്, ചോക്കാട്, തുവ്വൂർ പഞ്ചായത്തുകളിൽ യു.ഡി.എഫും കരുവാരകുണ്ട് പഞ്ചായത്തിൽ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന മുരടിപ്പാണ് എൽ.ഡി.എഫ് ഉയർത്തുന്ന വിഷയമെന്നിരിക്കെ മുഴുവൻ ഫണ്ടും ചെലവഴിച്ചെന്നും വികസനത്തിന് ആവശ്യമായ ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ലെന്നുമാണ് യു.ഡി.എഫ് ഉയർത്തുന്ന വിഷയം.സംസ്ഥാന രാഷ്ട്രീയത്തിൽ ചലനങ്ങൾക്ക് കാരണമായ പി.വി.അൻവർ തദ്ദേശ തിരഞ്ഞെടുപ്പിൽ എങ്ങനെ ഇടപെടും എന്നത് പ്രത്യേകിച്ച് നിലമ്പൂരിനെ സംബന്ധിച്ച് നിർണായകമാണ്. നിലമ്പൂർ നഗരസഭയിൽ സ്ഥാനാർത്ഥി ചർച്ചകൾ രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കുക ലക്ഷ്യമിട്ട് തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. നിലമ്പൂർ നഗരസഭയിൽ ഇടതുപക്ഷം തുടർഭരണം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമ്പോൾ ഇത്തവണ വിജയം കൈവിടാതിരിക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് മെനയുന്നത്. കഴിഞ്ഞ തവണ നഗരസഭയിൽ ആകെ നേടിയ ഒരുസീറ്റിൽ നിന്നും വർദ്ധനവ് നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിനിടയിൽ മാറ്റിനിർത്തപ്പെടാനാവത്ത ശക്തിയായ പി.വി.അൻവറിന്റെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസുമുണ്ട്. ചാലിയാർ, അമരമ്പലം, കരുളായി, മൂത്തേടം പഞ്ചായത്തുകളിലും സീറ്റ് വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർത്ഥി നിർണയത്തിലേക്കെത്തിയിട്ടില്ല. വന്യജീവി ആക്രമണമടക്കം നിലമ്പൂരിൽ
തിരഞ്ഞെടുപ്പ് വിഷയമാകും. അതത് വാർഡിലുള്ളവരെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ചാലിയാർ ശ്രമിക്കുന്നത്. മൂത്തേടം, ചാലിയാർ പഞ്ചായത്തുകളിൽ 15ഓടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |