
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ പാർട്ടിയിൽ അസ്വാരസ്യം മുറുകുന്നു. മണ്ഡലം കോൺഗ്രസ് നേതൃത്വത്തിന്റെ അനാസ്ഥയും ഏകോപനത്തിലെ പാളിച്ചയുമാണ് മത്സരിച്ച എട്ട് വാർഡുകളിൽ നാലെണ്ണത്തിലും പരാജയപ്പെടാൻ കാരണമെന്നാണ് ആക്ഷേപം. അഞ്ച് വാർഡുകളിൽ മുസ്ലിം ലീഗിൽ നിന്നുള്ള റിബലുകൾ മത്സരി ച്ച നന്നമ്പ്രയിൽ രണ്ടിടങ്ങളിൽ റിബലുകൾ വിജയിച്ചപ്പോൾ അതിലൊന്ന് കുണ്ടൂർ മേഖലയിലെ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഒമ്പതാം വാർഡാണ്. സ്റ്റാറ്റസ്‌കോ പ്രകാരം കോൺഗ്രസിന് ലഭിക്കേണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ വനിതയാണെന്നിരിക്കെ കോൺഗ്രസിൽ നിന്ന് മത്സരിച്ച മൂന്ന് വനിതാ സ്ഥാനാർത്ഥികളും പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിൽ നിന്നുള്ള അനിത വിജയിച്ച നന്നമ്പ്ര ഡിവിഷൻ ബ്ലോക്ക് സീറ്റിൽ ഇത്തവണ മത്സരിച്ച മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാഫി പൂക്കയിലാവട്ടെ ഇരുനൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ടത്.
കോൺഗ്രസിനേറ്റ തിരിച്ചടിയിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം ആര്യാടൻ ഫൗണ്ടേഷൻ ചെയർമാൻ സ്ഥാനം അബ്ദുസ്സലാം നീലങ്ങത്ത് രാജിവെച്ചു. കോൺഗ്രസിന്റെ സിറ്റിംഗ് വാർഡായ ചെറുമുക്കിൽ മുസ്ലിം ലീഗ് റിബൽ സ്ഥാനാർത്ഥിയുണ്ടായിട്ടും ചെറുമുക്ക് മേഖലയിലെ യു.ഡി.എഫ് സംവിധാനത്തെ കാര്യക്ഷമമായി നയിക്കാൻ താനടക്കമുള്ള നേതൃത്വത്തിന് സാധിച്ചെന്നും അതിന്റെ ഫലമായി മേഖലയിലെ നാല് വാർഡുകളിലും യു.ഡി.എഫിന് മികച്ച വിജയം നേടാൻ സാധിച്ചു. എന്നാൽ ഇത്തരത്തിലുള്ള ഒരു ഏകോപനവും പഞ്ചായത്ത് തലത്തിൽ ഉണ്ടായില്ലെന്നും അബ്ദുൽ സലാം നീലങ്ങത്ത് ആരോപിച്ചു. മുന്നണി സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കാൻ ശ്രമിക്കാതിരുന്ന കോൺഗ്രസ് മണ്ഡലം നേതൃത്വം പാർട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമായിട്ടുണ്ട്. ഈ ആവശ്യത്തിന് ആക്കം കൂട്ടുന്നതാണ് മണ്ഡലത്തിലെ പ്രധാന നേതാക്കളിലൊരാളായ നീലങ്ങത്ത് അബ്ദുൽ സലാമിന്റെ രാജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |