മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചുവടുപിടിച്ച് ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ 15ഉം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇക്കാര്യം മുന്നിൽകണ്ട് ഈ മാസത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ വ്യക്തമായ രൂപരേഖ തയ്യാറാക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളുടെ ചുമതല സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്ക് നൽകും. പൊന്നാനി ഒഴികെ 15 ഇടങ്ങളിലും വിജയിക്കാനുള്ള സാദ്ധ്യത മുസ്‌ലിം ലീഗ് മുന്നിൽ കാണുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പൊന്നാനിയിൽ ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും ചിത്രം നിയമസഭയിൽ മാറിയേക്കാമെന്നാണ് വിലയിരുത്തൽ. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ 12 ഇടത്ത് മുസ്ലിം ലീഗും നാലിടത്ത് കോൺഗ്രസുമാണ് മത്സരിക്കാറുള്ളത്. തുടർച്ചയായി രണ്ടുതവണ അടിപതറിയ താനൂർ പിടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തും. പൊന്നാനി, തവനൂർ, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കാറുള്ളത്. ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ പിടിച്ചെടുത്തു. തദ്ദേശഫലം തവനൂരും പിടിക്കാൻ സഹായിക്കുന്നതാണെന്നാണ് യു.ഡി.എഫിന്റെ വിലയുരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ആറിടങ്ങളിൽ 30,000ത്തിന് മുകളിലാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഇതിൽ വേങ്ങര നിയമസഭ മണ്ഡല പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം 45,863 വോട്ടെന്നത് ലീഗിന്റെ കണക്കുകൂട്ടലുകളെ മറികടക്കുന്നതാണ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 30,596 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തദ്ദേശത്തിൽ 15,000ത്തോളം അധിക വോട്ട് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് 40,186 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 35,208 വോട്ടിന്റെ ഭൂരിപക്ഷമാണ് മുസ്ലിം ലീഗിലെ പി.ഉബൈദുള്ളയ്ക്ക് ലഭിച്ചത്. അന്ന് ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്.
പെരിന്തൽമണ്ണ സുരക്ഷിതം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടന്ന പെരിന്തൽമണ്ണയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം മുസ്ലിം ലീഗിന് വലിയ ആത്മവിശ്വാസമേകുന്നുണ്ട്. 16,833 വോട്ടിന്റെ മുൻതൂക്കം യു.ഡി.എഫിനുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷം കുറിക്കപ്പെട്ടത് പെരിന്തൽമണ്ണയിൽ ആയിരുന്നു. സി.പി.എം സ്വതന്ത്രനായി ലീഗിന്റെ മുൻ മലപ്പുറം നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് മുസ്തഫ ലീഗിന്റെ നജീബ് കാന്തപുരത്തിനെതിരെ മത്സരിച്ചപ്പോൾ 38 വോട്ടിനാണ് പരാജയപ്പെട്ടത്. നജീബിന് 76,530 വോട്ട് ലഭിച്ചപ്പോൾ മുസ്തഫയ്ക്ക് 76,492 വോട്ട് ലഭിച്ചു.
നിയമസഭയിലേക്ക് കടുത്ത മത്സരം നേരിട്ട മങ്കടയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഫലം മണ്ഡലം സുരക്ഷിതമെന്നതിന്റെ തെളിവായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നുണ്ട്. സി.പി.എമ്മിന്റെ അഡ്വ. റഷീദലിക്കെതിരെ 6,246 വോട്ടിനാണ് ലീഗിന്റെ മഞ്ഞളാംകുഴി അലി വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഞെട്ടിച്ച ഭൂരിപക്ഷമാണ് മങ്കടയിലേത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ലീഗിന് 31,563 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 985 വോട്ടിനാണ് താനൂർ ലീഗിനെ കൈവിട്ടത്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി വി.അബ്ദുറഹ്മാനെ നേരിട്ടപ്പോൾ ലീഗ് കോട്ടയിൽ അടിപതറി. അബ്ദുറഹ്മാന് 70,704 വോട്ടും പി.കെ. ഫിറോസിന് 69,719 വോട്ടുമാണ് ലഭിച്ചത്. താനൂർ നിയമസഭ മണ്ഡല പരിധിയിലുള്ള പൊന്മുണ്ടത്ത് യു.ഡി.എഫ് സംവിധാനം തകർന്നിട്ടും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 16,756 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്.
ഇടതിന്റെ സിറ്റിംഗ് സീറ്റായ തവനൂർ പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഫിറോസ് കുന്നുംപറമ്പിലിനെ 2,564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.ടി. ജലീൽ പരാജയപ്പെടുത്തിയത്.
നിയമസഭ മണ്ഡല അടിസ്ഥാനത്തിലുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
മണ്ഡലം............ യു.ഡി.എഫ് ..............എൽ.ഡി.എഫ് ............ ഭൂരിപക്ഷം ................. ( 2021ലെ നിയമസഭ ഭൂരിപക്ഷം)
കൊണ്ടോട്ടി ..... 1,00,574 ....................... 72,832 ............................. 27,742 ............................. 17,666
മലപ്പുറം .............1,11,878 ........................ 71,692 ............................. 40186 ............................ 35,208
നിലമ്പൂർ........... 91,816 .......................... 72,574 ............................ 19,942 ............................ 2,700(എൽ.ഡി.എഫ്)
വണ്ടൂർ............... 1,08,395 ........................ 80,024 ............................. 28,371 ............................ 15,563
കോട്ടക്കൽ........ 1,02,012 ........................ 72,987 ............................. 29,025 ............................ 16,588
ഏറനാട്............. 90,841.......................... 67,737 .............................. 23,104 ............................ 22,546
വള്ളിക്കുന്ന്.......... 90,769 .......................... 67,737 .............................. 30,312 ............................ 14,416
തവനൂർ............ 73,016 .......................... 63,526 ............................... 9,490 ............................. 2,564
തിരൂരങ്ങാടി...... 91,364 ......................... 56,967 ................................ 34,397 ........................... 9,578
തിരൂർ.................. 1,02,251 ..................... 69,600 ................................ 32,651 ............................ 7,214
പെരിന്തൽമണ്ണ.. 96,206 ........................ 79,373 ................................ 16,833 ........................... 38
മഞ്ചേരി............... 1,02,551 ...................... 69,102 ................................ 33,449 ............................ 14,573
താനൂർ............... 79,398 ......................... 62,642 ................................ 16,756 ............................ 985
മങ്കട..................... 1,02,032 ...................... 70,379 ................................ 31,653 ............................. 6,246
പൊന്നാനി......... 69,422 ........................ 68,148 .................................. 1,274 ............................. 17,043
വേങ്ങര ................ 91,821 ........................ 45,958 ................................... 45,863 .......................... 30,596
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |