കാളികാവ്: ചോക്കാട് അങ്ങാടിയിലെ റോഡു നിർമ്മാണ തർക്കം തീർന്നു. നിർത്തിവെച്ച നിർമ്മാണം ഈ ആഴ്ച തുടങ്ങുമെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസയേഷൻ ഭാരവാഹികൾ അറിയിച്ചു. ചോക്കാട് അങ്ങാടിയിൽ മലയോര ഹൈവെ നിർമ്മാണം മുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ബിൽഡിംഗ് ഓണേഴ്സും നാട്ടുകാരും തമ്മിൽ തുടങ്ങിയ തർക്കമാണ് നിർമ്മാണം തടസ്സപ്പെടാൻ കാരണമായത്.
നിലവിൽ ഹൈവെയുടെ വീതി 12 മീറ്ററാണെങ്കിലും ചോക്കാട് അങ്ങാടിയിൽ 15 മീറ്റർ വീതി വേണമെന്ന് ഡ്രൈവേഴ്സ് യൂണിയനും നാട്ടുകാരും ആവശ്യപ്പെട്ടു. ഇതാണ് റോഡ് നിർമ്മാണം തടസ്സപ്പെടാൻ ഇടയാക്കിയത്. 15 മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ചാൽ ചോക്കാട് അങ്ങാടി ഒട്ടേറെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നതിനാൽ അംഗീകരിക്കാൻ കെട്ടിട ഉടമകൾ തയ്യാറായില്ല. ഇതാണ് നിർമ്മാണം മുടങ്ങാനിടയായത്.
പിന്നീട് എ.പി അനിൽ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പലവട്ടം ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ 12 മീറ്റർ വീതിയിലുള്ള നിർമ്മാണത്തിന് കെട്ടിട ഉടമകൾ തടസ്സമല്ലെന്ന് അറിയിച്ചിട്ടും ഏറ്റെടുത്ത് നിർമ്മാണം നടത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന് കെട്ടിട ഉടമകൾ പറഞ്ഞു. എന്നാൽ ഇനി നിർമ്മാണം തുടങ്ങണമെങ്കിൽ കെട്ടിട ഉടമകൾ സമ്മത പത്രം എഴുതി നൽകണമെന്ന് നിർമ്മാണമേറ്റെടുത്ത കമ്പനി
ആവശ്യപ്പെട്ടു. ഇതാണ് പിന്നീട് നിർമ്മാണത്തിന് തടസ്സമായത്.
നിലവിൽ പൂക്കോട്ടും പാടം കാളികാവ് റീച്ചിന്റെ നിർമ്മാണം 95 ശതമാനവും പൂർത്തിയായി. ഇനി ചോക്കാട് അങ്ങാടിയും ആനക്കല്ല് വളവും മാത്രമാണ് ഭാഗികമായി ബാക്കിയുള്ളത്. ചോക്കാടിലെ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കെട്ടിട ഉടമകൾ നേരിട്ടിറങ്ങി നിർമ്മാണ കമ്പനിക്ക് റോഡിൽ കുറ്റിയടിച്ചു കൊടുക്കാൻ തയ്യാറായിട്ടുണ്ട്.
ഇതോടെ എല്ലാതടസ്സങ്ങളും നീങ്ങിയതായും കെട്ടിട ഉടമകൾ ന്യായമല്ലാത്തത് ഒന്നും ചെയ്തിട്ടില്ലെന്നും നിർമ്മാണം രണ്ടു ദിവസത്തിനുശേഷം തുടങ്ങുമെന്നും ബിൽഡിംഗ് ഓണേഴ്സ് യൂണിയൻ പ്രസിഡന്റ് പി.പി.അലവികുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |