മലപ്പുറം: റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പത്ത് മാസത്തിനിടെ ജില്ലയിൽ ലഭിച്ചത് 21,479 അപേക്ഷകൾ. ഇതിൽ 2,843 അപേക്ഷകൾ ഇനിയും പരിശോധിച്ചിട്ടില്ല. അപേക്ഷകളിൽ അർഹരെന്ന് കണ്ടെത്തിയവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെങ്കിൽ നിലവിലെ പട്ടികയിൽ അനർഹരായി കടന്നുകൂടിയവരെ ഒഴിവാക്കേണ്ടതുണ്ട്. ജില്ലയിൽ 10,11,678 റേഷൻ കാർഡുകളും 47,34,327 ഗുണഭോക്താക്കളുമുണ്ട്. ഇതിൽ 51,542 എ.എ.വൈ കാർഡുകളും 3,95,227 പി.എച്ച്.എച്ച് കാർഡുകളുമാണ്. എ.എ.വൈ വിഭാഗത്തിൽ 2,29,231ഉം പി.എച്ച്.എച്ച് വിഭാഗത്തിൽ 1,82,3242 ഉം ഗുണഭോക്താക്കളുമുണ്ട്. ജില്ലയ്ക്ക് അനുവദിച്ച മുൻഗണന വിഭാഗം അംഗങ്ങളുടെ എണ്ണം പരിമിതമായതിനാൽ അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണന കാർഡുകൾ നൽകാൻ കഴിയില്ല. അതേസമയം അർഹരായ ഭിന്നശേഷിക്കാരടക്കം പുറത്ത് നിൽക്കുകയാണ്.
മുൻഗണന കാർഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പിന് ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് അഞ്ചാമതാണ് മലപ്പുറം. ദേശീയ ഭക്ഷ്യഭത്രത നിയമപ്രകാരം എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളാണ് മുൻഗണന പട്ടികയിൽ ഉൾപ്പെട്ടുവരുന്നത്. എ.എ.വൈക്കാരെ കണ്ടെത്തുന്നതിനായുള്ള കേന്ദ്ര മാനദണ്ഡങ്ങളുടെയും പി.എച്ച്.എച്ച് വിഭാഗത്തെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ അനർഹരും കയറിപ്പറ്റിയതാണ് അർഹരായവരുടെ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ തടസ്സമായി നിൽക്കുന്നത്.
എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിലുള്ള തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാത്തവരുടെ പട്ടിക തയ്യാറാക്കിയും ആധാർ ലിങ്ക് ചെയ്യാത്തതോ ഒരംഗം മാത്രമുള്ളതോ ആയ മുൻഗണന റേഷൻ കാർഡുകളും പരിശോധനയ്ക്ക് വിധേയമാക്കിയും അനർഹരെ കണ്ടെത്തുന്നുണ്ട്. അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിരുന്നവർക്ക് പിഴ കൂടാതെ സറണ്ടർ ചെയ്യുന്നതിനും അവസരം നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ, മോട്ടോർ വാഹന വകുപ്പുകളിൽ നിന്നുള്ള ഡേറ്റകൾ ശേഖരിച്ചും പരിശോധന നടത്തുന്നുണ്ട്.
മൂന്ന് മാസം; 1,296 കാർഡുകൾ മാറ്റി
ജില്ലയിൽ മൂന്ന് മാസത്തിനിടെ റേഷൻ വാങ്ങാത്ത 1,656 പി.എച്ച്.എച്ച് കാർഡുകളും 131 എ.എ.വൈ കാർഡുകളും കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
താലൂക്ക് മാറ്റിയ പി.എച്ച്.എച്ച് എ.എ.വൈ കാർഡ്
ഏറനാട് : 288 - 11
നിലമ്പൂർ : 415 - 54
പെരിന്തൽമണ്ണ: 342 - 10
തിരൂർ : 18 - 1
തിരൂരങ്ങാടി: 339 - 41
പൊന്നാനി: 124 - 8
കൊണ്ടോട്ടി : 130 - 6
അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധ താലൂക്ക് അടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. അനർഹർ ഒഴിവാക്കപ്പെടുന്നപക്ഷം അർഹരെ മുൻഗണനയിൽ ഉൾപ്പെടുത്തുന്നുണ്ട്.
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |