ഒറ്റപ്പാലം: താലൂക്കാശുപത്രിയിൽ അർബുദ ചികിത്സാ കേന്ദ്രത്തിനായി പുതിയ കെട്ടിടം ഒരുങ്ങുന്നു. വ്യവസായ പ്രമുഖൻ ഇ.പി.മാധവൻ നായരുടെ സ്മരണാർത്ഥം ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് 70 ലക്ഷം ചെലവിട്ട് നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. മുകൾ നിലയിൽ നേത്ര ശസ്ത്രക്രിയാ കേന്ദ്രവും ഒരുക്കും.
ജീർണാവസ്ഥയിലായിരുന്ന പഴയ ആർ.എം.ഒ ക്വാർട്ടേഴ്സ് പൊളിച്ച സ്ഥലത്താണ് പുതിയ കെട്ടിട നിർമ്മാണം. 2017ലാണ് ആശുപത്രിയിൽ അർബുദ ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. പ്രവേശന കവാടത്തിനരികിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ പരിസരത്തായിരുന്നു ഇത്.
കെട്ടിടം പൊളിച്ചതോടെ ലഹരി വിമുക്തി കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്തേക്ക് അർബുദ ചികിത്സ മാറ്റിയെങ്കിലും നേത്ര ശസ്ത്രക്രിയ നിറുത്തിവെക്കേണ്ടി വന്നു. നേത്ര ശസ്ത്രക്രിയക്കായി നിലവിൽ ജില്ലാ ആശുപത്രിയെ ആശ്രയിക്കണം.
അർബുദ നിർണയം, കീമോതെറാപ്പി, ഓറൽ പാത്തോളജി, ഫിസിയോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
അർബുദ കേന്ദ്രം പൊളിച്ച സ്ഥലത്ത് കിഫ്ബി ഫണ്ടിൽ ഉൾപ്പെട്ട 15.83 കോടിയുടെ മൂന്നുനില കെട്ടിടം നിർമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |