പാലക്കാട്: സംസ്ഥാനത്ത് ഒന്നര വർഷത്തിനകം 51 സുഭിക്ഷ ഹോട്ടലുകൾ തുടങ്ങിയതായും മൂന്ന് സുഭിക്ഷാ ഹോട്ടലുകൾ കൂടി ഉടൻ തുടങ്ങുമെന്നും മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിലുൾപ്പെട്ട വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഷൊർണൂർ നിയോജക മണ്ഡലത്തിലെ വാണിയംകുളത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സുഭിക്ഷ ഹോട്ടലുകളിലൂടെ വിഭവസമൃദ്ധമായ ഭക്ഷണമെന്ന ആശയമല്ല നടപ്പാക്കുന്നത്. പട്ടിണി കൂടാതെ കഴിയാനും വിശപ്പ് മാറ്റാനുമുള്ള ഭക്ഷണം ഉറപ്പാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് സർക്കാർ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ മുഖേന 13 ഇനം നിത്യോപയോഗ സാധനങ്ങൾ 2016ലെ വിലയ്ക്ക് ഇന്നും നൽകുന്നുണ്ട്. വലിയ ശതമാനം ജനങ്ങളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. റേഷൻ കാർഡ് ഇല്ലാത്തവരെ കണ്ടെത്തി അതിവേഗം കാർഡുകൾ വിതരണം ചെയ്ത് അവരെ വിവിധ സർക്കാർ സഹായ പദ്ധതികളുടെ ഭാഗമാക്കുന്നുണ്ട്. രണ്ട് വർഷത്തിനിടെ 3.5 ലക്ഷം പുതിയ കാർഡുകൾ വിതരണം ചെയ്തു.
റേഷൻ വിതരണം എല്ലാ മാസവും പത്താം തീയ്യതിക്കകം ഏറ്റവും കൂടുതൽ ആളുകളിലെത്തിക്കുകയാണ് ശ്രമം. റേഷൻ വിതരണത്തിലെ സെർവർ തകരാറുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ റേഷൻ കടകളുടെ പ്രവർത്തനം രണ്ട് ഷിഫ്റ്റുകളാക്കി മാറ്റിയത് മാർച്ച് ഒന്ന് മുതൽ അവസാനിപ്പിച്ച് പഴയ രീതിയിലുള്ള നില തുടരുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കടകളിലൂടെ പുഴുക്കലരി കൂടുതലായി വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയത്തിന്റെ അടിസ്ഥാനത്തിൽ 50: 50 എന്ന തരത്തിൽ അടുത്തമാസം മുതൽ അരി വിതരണം നടക്കുമെന്നും മന്ത്രി പറഞ്ഞു.
പി.മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷനായി. വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ, പി.ശ്രീലത, എൻ.പി.കോമളം, സി.സൂരജ്, പി.ഹരിദാസൻ, പി.കനകരാജൻ, എ.പി.പ്രസാദ്, എ.കെ.വിനോദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |