നെന്മാറ: അയിലൂർ, പോത്തുണ്ടി ഭാഗങ്ങളിൽ രണ്ടാംവിള കൊയ്ത്ത് ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം തുടരുന്നു. സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് താങ്ങുവിലയ്ക്കുള്ള സംഭരണം എന്ന് തുടങ്ങുമെന്നതിലും മില്ലുകൾ അനുവദിക്കുന്നതിലും ഒരുറപ്പും ലഭിച്ചിട്ടില്ല.
സംഭരണാനുമതിയുള്ള മില്ലുകൾ കർഷകർക്ക് നെല്ല് സൂക്ഷിക്കുന്നതിന് ചാക്ക് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർ നടപടിയായില്ല. ചാക്ക് നൽകുന്നത് വരെ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ചാക്കുകളിലാക്കി അടുക്കി സൂക്ഷിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്.
കൊയ്ത്ത് തുടങ്ങിയ തിരുവഴിയാട് പുഴപ്പാലം പാടശേഖരത്തിലെ നെല്ല് കർഷകർ ഉണക്കി കൂട്ടിവെച്ചിരിക്കുകയാണ്. വീടുകളിൽ കൂടുതൽ ദിവസം സൂക്ഷിക്കാൻ സ്ഥലമില്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കൂടുതൽ കർഷകരും നെല്ല് ഉണക്കിയെടുക്കാൻ തുറസായ സിമന്റ് മുറ്റങ്ങളോ നിരന്ന പാറപ്പുറങ്ങളെയോ ആണ് ആശ്രയിക്കുന്നത്. ഒരേ സ്ഥലത്ത് തന്നെ സൂക്ഷിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉണങ്ങിയ നെല്ല് കൂട്ടിയിട്ട് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയാണ് താത്കാലികമായി സൂക്ഷിക്കുന്നത്. വേനൽ മഴയുണ്ടായാൽ നനയുമെന്ന ആശങ്കയുമുണ്ട്.
ഒന്നാം വിള സംഭരണ തുക ഇനിയും കിട്ടാത്ത കർഷകർക്കാണ് രണ്ടാംവിള നെല്ല് സൂക്ഷിക്കുന്നതിന് 15 രൂപ വരെ വില കൊടുത്ത് ചാക്ക് വാങ്ങേണ്ട ദുരവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |