പാലക്കാട്: നവകേരളം വൃത്തിയുള്ള കേരള ക്യാമ്പയിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് മുഖേന വിവര ശേഖരണം നടത്തുന്നതിന് കണ്ണമ്പ്ര പഞ്ചായത്തിലെ വീടുകളിൽ ക്യു.ആർ കോഡ് പതിപ്പിക്കൽ ആരംഭിച്ചു.
മാലിന്യ ശേഖരണം, സംസ്കരണം എന്നിവ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതി പ്രകാരമാണ് ക്യു.ആർ കോഡ് പതിപ്പിക്കുന്നത്. 16 വാർഡുകളിലായി 8400 വീടുകളിലും 900 വ്യാപാര സ്ഥാപനങ്ങളിലുമാണ് ക്യൂ.ആർ കോഡ് സ്ഥാപിക്കുന്നത്. ജൂൺ 15ഓടെ ക്യു.ആർ കോഡ് സ്ഥാപിക്കൽ പൂർത്തിയാകും. പഞ്ചായത്തിൽ ആകെ 32 ഹരിത കർമ്മ സേനാംഗങ്ങളാണ് മാലിന്യ ശേഖരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
പഞ്ചായത്തിൽ ഒരു പ്രധാന എം.സി.എഫും 16 മിനി എം.സി.എഫുകളും പ്രവർത്തിക്കുന്നുണ്ട്. ഓരോ വീട്ടിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം എത്രയെന്നും അവയുടെ സംസ്കരണം എങ്ങനെയെന്നും മനസിലാക്കാനും മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ക്യു.ആർ കോഡ് സ്ഥാപിക്കുന്നത് സഹായകമാകും. പഞ്ചായത്തിൽ മാലിന്യം കുമിഞ്ഞ് കൂടുന്ന പ്രദേശം കണ്ടെത്തി ശുചീകരണവും സജീവമാണ്.
ക്യു.ആർ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡന്റ് എം.സുമതി നിർവഹിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷ ജയന്തി പ്രകാശൻ അദ്ധ്യക്ഷയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |