
പട്ടാമ്പി: നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുനഃസ്ഥാപിക്കാതെ അധികൃതർ. വലഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാർ. നിലവിൽ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് കെ.എസ്.ആർ.ടി.സി നിർത്തിയിടുന്നത്. ഒരേസമയം കൂടുതൽ ബസുകൾ എത്തിയാൽ സ്ഥലമില്ലാതാകും. ഇതോടെ ബസ് കൂടുതൽ സമയം നിർത്തിയിടാനാവുന്നില്ലെന്ന് അധികൃതർ പറയുന്നു. ബസുകൾക്ക് നിർത്തിയിടാനുള്ള സൗകര്യവും യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രവുമില്ലാതായി. കൂടാതെ രാത്രിയിലും മറ്റും ദീർഘദൂരയാത്രക്കാർക്ക് ബസുകളെപ്പറ്റിയുള്ള അന്വേഷണങ്ങൾക്ക് തടസവും നേരിടുന്നുണ്ട്. ദീർഘദൂര യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കായി ഇറങ്ങാനും സാധിക്കാത്ത അവസ്ഥയാണ്. അടിയന്തരമായി പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട അധികൃതർ മുൻകൈയ്യെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പട്ടാമ്പി പഞ്ചായത്തായിരുന്നപ്പോൾ പഞ്ചായത്തുവക കെട്ടിടത്തിലാണ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ വാടകയ്ക്ക് പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം പൊളിച്ചതോടെ സ്റ്റേഷനില്ലാതായി.
2001-ലാണ് പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ തുടങ്ങിയത്. 2005ൽ ചെലവുചുരുക്കലിന്റ ഭാഗമായി സ്റ്റേഷൻമാസ്റ്ററുടെ തസ്തിക ഒന്നാക്കിക്കുറച്ചു. പിന്നീട് ഇതും ഇല്ലാതാക്കി. അതോടെ സ്റ്റേഷനില്ലാതായി. ഏറെ സമ്മർദ്ദങ്ങൾക്കുശേഷം ഒരു തസ്തിക അനുവദിച്ച് സ്റ്റേഷൻ വീണ്ടും തുടങ്ങി. 2016ൽ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു. പൊളിച്ചസ്ഥലത്ത് വ്യാപാരസമുച്ചയം കെട്ടാൻ നഗരസഭ തീരുമാനിച്ചെങ്കിലും റെയിൽവേയുടെ അനുമതി ലഭിക്കാത്തത് തടസമായി. ഇതോടെ നഗരസഭയുടെ പേ ആൻഡ് പാർക്കിംഗ് കേന്ദ്രം തുടങ്ങി.
ഇരുന്നൂറോളം ട്രിപ്പുകളുണ്ട്
കെ.എസ്.ആർ.ടി.സിക്ക് ഇരുന്നൂറോളം ട്രിപ്പുകൾ പട്ടാമ്പി വഴിയുണ്ട്. മൈസൂരു, ബെംഗളൂരു, കോയമ്പത്തൂർ, തിരുവനന്തപുരം, എറണാകുളം, സുൽത്താൻബത്തേരി, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പട്ടാമ്പി വഴി സർവീസുണ്ട്. നഗരസഭ, താലൂക്കാസ്ഥാനം, വാണിജ്യകേന്ദ്രം, പ്രധാന റോഡുകളുടെ സംഗമകേന്ദ്രം എന്നിവയായ പട്ടാമ്പിയിൽ ഡിപ്പോയടക്കമുള്ള സ്റ്റേഷൻ ആവശ്യമാണെന്ന് യാത്രക്കാർ പറയുന്നു.
റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ പുതിയകെട്ടിടം നിർമിക്കാനാവില്ല. പെരിന്തൽമണ്ണ റോഡിൽ പുതിയ ബസ് സ്റ്റാൻഡ് സ്ഥാപിച്ചാൽ നിലവിലെ സ്റ്റാൻഡിൽ ബസുകളുടെ തിരക്ക് കുറയും. ഈ സാഹചര്യത്തിൽ സ്റ്റാൻഡിന്റെ ഒരുഭാഗം കെ.എസ്.ആർ.ടി.സി സ്റ്റേഷനായി അനുവദിക്കാൻ ആലോചനയുണ്ട്.
ടി.പി.ഷാജി, നഗരസഭാ വൈസ് ചെയർമാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |