പാലക്കാട്: ജില്ലയിൽ നാല് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. മലയോര മേഖലകളിലും ഡാമുകളുടെ വൃഷ്ടിപ്രദേശത്തും ഇന്നലെ പകൽ ചെറിയ തോതിൽ മഴയുണ്ടായിരുന്നു. രണ്ടുദിവസത്തെ ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. ജൂൺ ഒന്നുമുതൽ കഴിഞ്ഞദിവസം വരെ കാലവർഷക്കെടുതിയിൽ ജില്ലയിൽ 100.56 ഹെക്ടർ കൃഷിനശിച്ചതായും 332.40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസിന്റെ കണക്കെടുപ്പിൽ വ്യക്തമായി.
25ഓളം വിളകൾക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് വാഴ കൃഷി നഷ്ടപരിഹാരത്തിനാണെന്നും ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസ് അധികൃതർ പറഞ്ഞു.
ഏറ്റവും കൂടുതൽ നശിച്ചത് വാഴ കൃഷി
ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് വാഴ കൃഷിക്കാണ്. 557 കർഷകരുടെ വിളകൾ നശിച്ചു. മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടങ്ങളിൽ 0.76 ഹെക്ടർ കൃഷിയാണ് നശിച്ചത്. മഴയിൽ മാത്രം കൊല്ലങ്കോട്, മണ്ണാർക്കാട്, നെന്മാറ, ഷൊർണൂർ, ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലായി 40 കർഷകരുടെ 23.69 ഹെക്ടർ കൃഷി വെള്ളത്തിലായി. 31.43 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. 25 കുലച്ച വാഴ, 1.280 ഹെക്ടർ എള്ള്, 2.400 ഹെക്ടർ പച്ചക്കറി കൃഷി, 20 ഹെക്ടർ ഞാറ്റടി തയാറാക്കിയ നെൽപ്പാടങ്ങൾ എന്നിവയാണ് കനത്ത മഴയിൽ നാശം നേരിട്ടത്.
പാലക്കാട് ജില്ലയിൽ 100.56 ഹെക്ടർ കൃഷിനശിച്ചു
അഗളി, മണ്ണാർക്കാട്, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തൃത്താല ബ്ലോക്കുകളിലായി 76.12 ഹെക്ടർ കൃഷി നശിച്ചു.
486 കർഷകരുടെ വിളകളാണ് നശിച്ചത്. 297.16 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
0.250 ഹെക്ടർ പ്ലാവ്, 76 തെങ്ങ്, 33,160 കുലച്ച വാഴയും 21,230 കുലക്കാത്ത വാഴയും, ടാപ്പ് ചെയ്യുന്ന റബർ 65, ടാപ്പ് ചെയ്യാത്ത റബർ 10,755, കുലച്ച കവുങ്ങ്, 135 കുലക്കാത്ത കവുങ്ങ്, 0.100 ഹെക്ടർ ഇഞ്ചി, 0.100 ഹെക്ടർ മഞ്ഞൾ എന്നീ വിളകളാണ് നശിച്ചത്.
വിളകൾ ഇൻഷ്വർ ചെയ്തവർക്ക് ഇൻഷ്വറൻസ് തുകയും പ്രകൃതിക്ഷോഭം പ്രകാരമുള്ള നഷ്ടപരിഹാരവും ലഭിക്കും.
25ഓളം വിളകൾക്ക് നഷ്ടപരിഹാരം നൽകും
എയിംസ് പോർട്ടൽ മുഖേന ഓൺലൈനായാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |