അങ്കമാലി: അങ്കമാലി മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയാൽ യാത്രക്കാർക്ക് മൂത്രശങ്ക തീർക്കണമെങ്കിൽ അൽപം ബുദ്ധിമുട്ടേണ്ടി വരും. പൊട്ടിപ്പൊളിഞ്ഞ, ദുർഗന്ധം വമിക്കുന്ന ശൗചാലയങ്ങളാണ് ആളുകളെ വരവേൽക്കുന്നത്. അത് നിൽക്കുന്നതാകട്ടെ കുറ്റിക്കാട്ടിനുള്ളിലും. സാംക്രമിക രോഗങ്ങൾ പകർത്തുന്ന ഇടമായി ഇവിടം മാറിക്കഴിഞ്ഞു. നഗരസഭ ടേക്ക് എ ബ്രേക്ക് സംവിധാനം സ്വകാര്യ ബസ് സ്റ്റാൻഡിൽ ഒരുക്കിയിട്ടുണ്ടെങ്കിലും കൃത്യതയോടെ തുറന്നു പ്രവർത്തിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. ഞായറാഴ്ചകളിൽ ഇത് തുറക്കാറേയില്ല.
ബ്രേക്ക് എടുക്കാത്ത ടേക്ക് എ ബ്രേക്ക് വേണം
അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ നിലവിൽ രണ്ട് സ്ഥലത്ത് ഉണ്ടായിരുന്ന ശൗചാലയങ്ങൾ പ്രവർത്തനരഹിതമാണ്. നഗരസഭയുടെ 'ടേക്ക് എ ബ്രേക്ക്' എന്ന പദ്ധതി പ്രകാരം മാസങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ മുടക്കി ദേശീയപാതയിലൂടെ പോകുന്ന യാത്രക്കാർക്ക് വിശ്രമകേന്ദ്രവും അതിനോട് ചേർന്ന് സൗകര്യപ്രദമായ ടോയ്ലറ്റുകളും പണി കഴിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹോട്ടൽ നടത്തുന്നവരുടെ സൗകര്യമനുസരിച്ചു മാത്രമേ അവ തുറന്നു നൽകുന്നുള്ളൂ. വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലും ഹോട്ടൽ തുറന്നു പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ പ്രയാസത്തിലാകുന്നു. കരാറടിസ്ഥാനത്തിലാണ് ടേക്ക് എ ബ്രേക്ക് നഗരസഭ കൊടുത്തിരിക്കുന്നത്.
അടിയന്തരമായി പഴയ ടോയ്ലറ്റുകൾ പൊളിച്ചുനീക്കണം
കാടു പിടിച്ചു കിടക്കുന്ന പരിസരം വൃത്തിയാക്കണം
ടേക്ക് എ ബ്രേക്ക് സൗകര്യം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കണം.
ടേക്ക് എ ബ്രേക്ക് സംവിധാനത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് അടിയന്തര നടപടിയെടുക്കും. ഉപയോഗ്യമല്ലാത്തവ പൊളിച്ചുനീക്കി പ്രദേശം ശുചീകരിക്കും
അജിത സി. ജെ
വാർഡ് കൗൺസിലർ
ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ നിർമ്മിച്ച് പണം നൽകി ഉപയോഗിക്കാവുന്ന തരത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന വൃത്തിയുള്ള ശൗചാലയങ്ങൾ ബസ് സ്റ്റാൻഡിൽ ഒരുക്കണം.ബി.ഒ.ഡേവീസ്
സെക്രട്ടറി
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |