തൃശൂർ: 'ആരോഗ്യമാണ് ലഹരി'യെന്ന സന്ദേശവുമായി ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് സൈക്കിൾ യാത്ര ചെയ്ത് 15കാരൻ. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനും 'ആരോഗ്യം, ഒരു ലഹരി' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്നതിനുമായാണ് അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പൊലീസ് ഓഫീസർ ഷാനവാസിന്റെ മകനും മാപ്രാണം സ്വദേശിയുമായ മുഹമ്മദ് നബീലിന്റെ സൈക്കിൾ യാത്ര. രണ്ടുവർഷം മുൻപാണ് നബിൽ യാത്ര ആരംഭിച്ചത്.
ഒഴിവുനാളുകളിൽ തന്റെ സാധാരണ സൈക്കിളിൽ മുഹമ്മദ് നബീൽ ഊരു ചുറ്റാനിറങ്ങും. രണ്ട് ദീർഘദൂര യാത്രകളും ഇതിനകം പൂർത്തിയാക്കി. ആദ്യം മാപ്രാണത്ത് നിന്ന് ആലപ്പുഴയിലേക്ക് സൈക്കിൾ യാത്ര നടത്തി. ദീർഘദൂര യാത്രകളിൽ മകന് കൂട്ടായി പൊലീസുകാരനായ പിതാവ് ഷാനവാസുമുണ്ടാകും. പുലർച്ചെ ആറരയ്ക്ക് ആരംഭിക്കുന്ന യാത്രയ്ക്കിടെ ഭക്ഷണസമയത്ത് മാത്രമാണ് നിൽക്കാറ്. സൈക്കിൾ സഞ്ചാരികളിൽ മിക്കവരും ഗിയർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള സൈക്കിളുകളിലാണെങ്കിൽ നബീലിന്റെ യാത്ര സാധാരണ നാടൻ സൈക്കിളിലാണ്.
മാപ്രാണം മുതൽ ആലപ്പുഴ വരെ 119 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടി എത്തിയത്. രാവിലെ 6.30ന് വീട്ടിൽ നിന്ന് പുറപ്പെട്ട ഇരുവരും വൈകിട്ട് ആറരയ്ക്കാണ് ആലപ്പുഴയിലെത്തിയത്. അന്നേ ദിവസം അവിടെ താമസിച്ച് പിറ്റേന്ന് ട്രെയിനിലാണ് നബീലും വാപ്പയും മടങ്ങിയത്. പോകുന്നിടങ്ങളിലെല്ലാം തന്നെ 'ആരോഗ്യമാണ് ലഹരി'യെന്ന സന്ദേശം പകരും. ഷാനവാസ് - കാമില ദമ്പതികളുടെ ഏകമകനാണ് മുഹമ്മദ് നബീൽ.
മികച്ച ക്രിക്കറ്റ് താരം
മികച്ച ക്രിക്കറ്റ് താരം കൂടിയാണ് മുഹമ്മദ് നബീൽ. 14 വയസിന് താഴെയുള്ള കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. മത്സരത്തിൽ പങ്കെടുത്ത് ലഭിച്ച 5000 രൂപയുടെ ക്യാഷ് അവാർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി മന്ത്രി പ്രൊഫ. ആർ. ബിന്ദുവിനെ കണ്ട് ഏൽപ്പിച്ചിരുന്നത് ശ്രദ്ധ നേടി. ഐ.പി.എസ് മോഹം മനസിൽ കൊണ്ടുനടക്കുന്ന മുഹമ്മദ് നബീൽ ആനന്ദപുരം സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ആരോഗ്യം ലക്ഷ്യമിട്ടാൽ ലഹരി ഉപയോഗിക്കില്ല. ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് സൈക്കിൾ യാത്ര ചെയ്യണമെന്നാണ് ആഗ്രഹം.
- മുഹമ്മദ് നബീൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |