കഞ്ചിക്കോട്: സ്വകാര്യ ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങുന്നതിനെതിരെ കഞ്ചിക്കോട് മേഖലയിയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. വലിയ തോതിൽ ജല ചൂഷണമുണ്ടാകുമെന്ന ഭീതിയാണ് പ്രതിഷേധത്തിന് വഴിയൊരുക്കുന്നത്. ഭൂഗർഭ ജലത്തിന് പുറമെ മലമ്പുഴ ഡാമിലെ വെള്ളവും ചോർത്തുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സ്വകാര്യ കമ്പനിയായ ഓയാസിസിന് ഡിസ്റ്റിലറി തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്. പെപ്സി കമ്പനിക്ക് ശേഷം കഞ്ചിക്കോട് ജനതയ്ക്ക് വലിയ ആശങ്ക നൽകിയാണ് ഓയാസിസ് കടന്നു വരുന്നത്. സർക്കാർ പിന്തുണ ഒരു വശത്തും ജനകീയ എതിർപ്പ് മറു വശത്തും എന്നതാണ് സ്ഥിതി. കോൺഗ്രസിനും ബി.ജെ.പിക്കും പുറമെ വിവിധ കർഷക സംഘടനകളും പരിസ്ഥിതി സംഘടനകളും ഡിസ്റ്റിലറി തുടങ്ങുന്നതിനെതിരെ രംഗത്തുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയാണെങ്കിലും കൃഷിക്കും തുല്യ പ്രാധാന്യമുണ്ട്. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണ്. മലമ്പുഴ വെളളം കൃഷിക്കും കുടിവെള്ളത്തിനും മാത്രമെ ഉപയോഗിക്കാവൂ എന്ന് വ്യവസ്ഥ ഉണ്ടെങ്കിലും മുൻകാല അനുഭവങ്ങൾ മറിച്ചാണ്. ജലം മുഖ്യ അസംസ്‌കൃത വസ്തുവായി ഉപയോഗപ്പെടുത്തിയ കമ്പനികളെല്ലാം മലമ്പുഴ ഡാമിലെ വെള്ളം എടുത്തിട്ടുണ്ടെന്നത് ഈ മേഖലയിൽ പരസ്യമായ രഹസ്യമാണ്. 24 ഏക്കർ സ്ഥലത്ത് 600 കോടി രൂപ മുതൽ മുടക്കിലാണ് ഓയാസീസ് കമ്പനി വരുന്നത്. കമ്പനി വലിയ തോതിൽ മദ്യം ഉത്പാദനം ലക്ഷ്യമിടുന്നുണ്ട്. വൻകിട കമ്പനികൾ പ്രവർത്തനം തുടങ്ങിയാൽ ജലചൂഷണം സംബന്ധിച്ച പരിശോധനകളെല്ലാം പ്രഹസനമാകുമെന്ന ബോധ്യം പെപ്സി ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇവിടുത്തെ ജനതയ്ക്കുണ്ട്. അതിനാൽ ഡിസ്റ്റിലറിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കമ്പനി പ്രതിനിധികളെത്തിയാൽ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ. ഓയാസിസ് ഡിസ്റ്റിലറി കഞ്ചിക്കോട് തുടങ്ങാൻ അനുവദിക്കില്ലെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കളത്തിൽ കൃഷ്ണൻകുട്ടി പറഞ്ഞു. കാലാവധി തീരാൻ ഏതാനും മാസം മാത്രം ബാക്കിയിരിക്കെ പൊതുജന താൽപ്പര്യം അവഗണിച്ച് സാമ്പത്തിക താൽപ്പര്യം മുൻ നിർത്തിയാണ് സർക്കാർ സ്വകാര്യ ഡിസ്റ്റിലറിക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |