പാലക്കാട്: ജില്ലയിൽ മൂന്നുമാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 33 പേർ. പാലക്കാട്-പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ മൂന്ന് മാസത്തിനിടെ മുപ്പതോളം അപകടങ്ങളാണുണ്ടായത്. 8 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. കൂട്ടുപാത മുതൽ ഇരട്ടക്കുളം വരെ ഒട്ടേറെ ബ്ലാക്ക് സ്‌പോട്ടുകളാണു പാതയിലുള്ളത്. മൂന്ന് മാസത്തിനിടെ കാഞ്ഞിക്കളം തത്രംകാവ്, മുട്ടിക്കൽകണ്ടം, പനയംപാടം, പൊന്നംകോട്, തച്ചമ്പാറ എന്നിവിടങ്ങളിൽ നടന്ന 5 അപകടങ്ങളിലായി 5 പേർ മരിച്ചു. പ്രദേശത്തെ സ്ഥിരം അപകട മേഖലയായ പനയംപാടം വളവിൽ മാത്രം 5 അപകടങ്ങൾ ഇക്കാലയളവിലുണ്ടായി. ദേശീയപാതയിൽ കാഞ്ഞിക്കുളം, കല്ലടിക്കോട് അയ്യപ്പൻകാവ്, തുപ്പനാട്, പനയംപാടം, പൊന്നംകോട്, എടായ്ക്കൽ, ചൂരിയോട് ഭാഗങ്ങൾ സ്ഥിരം അപകട മേഖലയാണ്.
അപകടം കുറയ്ക്കാനുള്ള നടപടികൾ വിവിധയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. മോട്ടർ വാഹനവകുപ്പ് റോഡ് സേഫ്റ്റി അതോറിറ്റിക്കു സമർപ്പിച്ച അപകട ലഘൂകരണ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ പന്ത്രണ്ടോളം സ്‌കൂളുകൾക്കു സമീപം കൈവരികൾ നിർമിക്കാൻ പദ്ധതിയായി. തെരുവുവിളക്കുകൾവർദ്ധിപ്പിക്കാനും ശുപാർശ സമർപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ദേശീയപാത 544ന്റെ ഭാഗമായ വാളയാർ-വടക്കഞ്ചേരി പാതയിൽ 18 ബ്ലാക്ക് സ്‌പോട്ടുകളാണു കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നതു കാഴ്ചപ്പറമ്പ് ജംഗ്ഷനിലാണ്. പുതുശ്ശേരി കുരുടിക്കാട്, കഞ്ചിക്കോട് ആശുപത്രി ജംഗ്ഷൻ എന്നിവയും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത മേഖലകളാണ്.
മരിച്ചതിൽ കൂടുതൽ കാൽനടയാത്രക്കാർ
ജില്ലയിൽ അപകടത്തിൽപ്പെട്ട് മരിക്കുന്നവരിൽ കൂടുതലും കാൽനടയാത്രക്കാരാണ്. കഴിഞ്ഞവർഷം കാൽനടയാത്രക്കാരുമായി ബന്ധപ്പെട്ട് 752 അപകടങ്ങളാണ് സംഭവിച്ചത്. റോഡുകളിൽ കാൽനടയാത്രക്കാർക്കായി ഫൂട്പാത്തൊരുക്കാത്തതും കൈവരികളില്ലാത്തതുമെല്ലാം വലിയ പ്രതിസന്ധിയാണ്. ഫൂട്പാത്ത് കയ്യേറിയുള്ള കച്ചവടങ്ങളും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ദേശീയപാതകളെക്കാൾ പ്രദേശിക റോഡുകളിലാണ് കാൽനടയാത്രക്കാർ ഏറെയും അപകടത്തിൽപെടുന്നത്. വൈകിട്ട് 6നും 8നും ഇടയ്ക്കുള്ള സമയത്താണ് ഏറ്റവും കൂടുതൽ പേർ അപകടത്തിൽ മരിച്ചത്. വൈകിട്ട് 4നും 6നുമിടയ്ക്കും അപകട നിരക്കിൽ വലിയ വർദ്ധനവാണുണ്ടായത്. പകൽ സമയത്തുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടെങ്കിലും മരണനിരക്ക് രാത്രിയിൽ സംഭവിക്കുന്ന അപകടങ്ങളിലാണ് കൂടുതൽ. കഴിഞ്ഞ വർഷം പകൽസമയത്ത് 2158 അപകടങ്ങളിലായി 194 പേരാണ് മരിച്ചത്. എന്നാൽ രാത്രിയുണ്ടായ 933 അപകടങ്ങളിൽ 134 പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |