പാലക്കാട്: കാലപ്പഴക്കം മൂലം പൊട്ടിപ്പൊളിഞ്ഞ് അപകട ഭീഷണി ഉയർത്തുകയാണ് പാലക്കാട് സിവിൽ സ്റ്റേഷൻ. നൂറ്റാണ്ടുകൾ പഴക്കുമുള്ള കെട്ടിടത്തിന്റെ ഭൂരിഭാഗവും തകർന്ന നിലയിലാണ്. കെട്ടിടത്തിന്റെ പലഭാഗത്തും മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നതു പതിവാണ്. പലയിടത്തും ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്. ഇവയിൽ ചിലത് ദ്രവിച്ചു നിലത്തു വീഴുന്നുമുണ്ട്. കെട്ടിടത്തിൽ പലയിടത്തായി ആൽമരം ഉൾപ്പെടെ മരങ്ങളും ചെടികളും വളർന്നു നിൽക്കുന്നുണ്ട്. ഇവയുടെ വേര് ഇറങ്ങി കെട്ടിടത്തിൽ വിള്ളലുമുണ്ട്. മഴ കനത്തതോടെ കെട്ടിടം ചോരുന്നതും പതിവായി. കലക്ടറേറ്റ് ഉൾപ്പെടെ അമ്പതിലേറെ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷനിൽ ദിവസേന നിരവധിയാളുകളാണ് എത്തുന്നത്. ജീവനക്കാരുൾപ്പടെ സ്റ്റേഷനിലേക്കെത്തുന്നവർ ഭയത്തോടെയാണ് ഇതിലേ നടക്കുന്നത്. വരാന്തയിലേക്കും ഓഫീസിനകത്തേക്കും വെള്ളമെത്തുന്നുണ്ട്. ഫയലുകൾ ഉൾപ്പെടെ നനയുന്നുണ്ടെന്നും ചുമരിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നുണ്ടെന്നും ജീവനക്കാർ പറഞ്ഞു. ആവശ്യത്തിന് ഇരിപ്പിടമില്ലാത്തതിനാൽ ഭൂരിഭാഗം ആളുകളും വരാന്തയിൽ നിൽക്കുകയാണ്. എന്നാൽ മഴ പെയ്യുമ്പോൾ വരാന്തയിൽ മുഴുവൻ വെള്ളം നിറയുന്നതിനാൽ അവിടെ നിൽക്കാൻ കഴിയുന്നില്ലെന്നും ആളുകൾ പരാതി പറഞ്ഞു. 2001ലാണ് അവസാനമായി കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്തിയത്. കെട്ടിടത്തിന് മുന്നിലുള്ള ആൽത്തറയും തകർന്നു കിടക്കുകയാണ്. ആളുകൾക്ക് ഇരിക്കാൻ കഴിയാത്ത വിധം കല്ലുകൾ പുറത്തേക്ക് ഉന്തി നിൽക്കുന്നുണ്ട്. എത്രയും പെട്ടന്ന് തന്നെ അധികൃതർ കെട്ടിടം നവീകരിച്ചു സുരക്ഷിതമാക്കണമെന്നും ഇരിപ്പിടമുൾപ്പടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നുമാണ് ഇവിടെയെത്തുന്നവർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |