
പാലക്കാട്: അസ്തമയ സൂര്യനെ സാക്ഷിയാക്കി നടക്കുന്ന ദേവരഥ സംഗമത്തിന്റെ പുണ്യം ഏറ്റുവാങ്ങാൻ അരിപ്പൊടിക്കോലമണിഞ്ഞ് കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ അണിഞ്ഞൊരുങ്ങി. ഇന്ന് സന്ധ്യയ്ക്ക് ആറരയോടെയാണ് ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി എന്നിവരുടെ തേരുകൾ പ്രദക്ഷിണ വഴികളിലാണ്. പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ ഇന്ന് രാവിലെ രഥാരോഹണം നടക്കും. വൈകിട്ട് പ്രദക്ഷിണം പുനരാരംഭിച്ച് 6.30 ഓടെ നിറദീപച്ചാർത്തണിഞ്ഞ തേരുകൾ തേരുമുട്ടിയിൽ മുഖാമുഖമെത്തുന്നതോടെ പുകൾപെറ്റ സംഗമത്തിന് കൽപ്പാത്തി സാക്ഷിയാകും. പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതിയും പ്രദക്ഷിണ വഴികളിലേക്കിറങ്ങിയതോടെ അഗ്രഹാരവും പരിസരവും ഭക്തിസാന്ദ്രമായി. കൈലാസപതിയും കുടുംബവും അനുഗ്രഹ വർഷമായി അഗ്രഹാര വീഥികളിൽ പ്രയാണത്തിലാണ്. ദേവൻമാരുടെ അനുഗ്രഹം ഏറ്റുവാങ്ങാൻ അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ഭക്തരാണു കൽപ്പത്തിയിൽ എത്തുന്നത്. ഇന്നലെ പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ വേദപാരായണ സമാപനം, ആശീർവാദം എന്നിവയ്ക്കുശേഷം കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തി ശിവപാർവതിമാരുടെ അനുഗ്രഹം വാങ്ങിയാണ് മന്തക്കര ഗണപതി തേരിലേറിയത്. പൂജകൾക്കുശേഷം കർപ്പൂരാരതി ഉഴിഞ്ഞതോടെ ഭക്തരുടെ സാരഥ്യത്തിൽ മന്തക്കര മഹാഗണപതി ഗ്രാമവീഥികളിൽ പ്രദക്ഷിണം തുടങ്ങി. തേരുവലിക്കാൻ സ്വദേശീയരും വിദേശികളും ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു. ഗ്രാമത്തിൽ കുറച്ചുദൂരം സഞ്ചരിച്ചതോടെ രാവിലത്തെ പ്രദക്ഷിണം സമാപിച്ചു. ക്ഷേത്രത്തിൽ നടന്ന രഥോത്സവ സദ്യയിലും ആയിരങ്ങൾ പങ്കാളികളായി. വൈകിട്ട് രഥപ്രദക്ഷിണം പുനരാരംഭിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷിപ്ര പ്രസാദ ഗണപതി ക്ഷേത്രത്തിന് അരികിലെത്തി നിലയുറപ്പിച്ചു.
വിശാലാക്ഷി സമേത വിശ്വനാഥനും ഗണപതിയും വള്ളി ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും ഇന്നലെ വൈകിട്ട് അച്ചൻപടിയിൽ നിന്നു പ്രദക്ഷിണം പുനരാരംഭിച്ച് ചാത്തപുരം ഗ്രാമം ചുറ്റി പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രപരിസരത്തെത്തി നിലയുറപ്പിച്ചു. ഇന്ന് വൈകിട്ട് ഇവിടെ നിന്ന് പ്രദക്ഷിണം പുനരാരംഭിക്കും.
രഥസംഗമത്തിന് ശേഷം നാളെ രാവിലെ പുലർച്ചെ 2.30 ഓടെ എഴുന്നെള്ളത്ത് നടക്കും. തുടർന്ന് രാവിലെ 9ന് നാല് അഗ്രഹാരക്ഷേത്രങ്ങളിലും ധ്വജ അവരോഹണം നടക്കുന്നതോടെ ഈ വർഷത്തെ രഥോത്സവം കൊടിയിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |