കഞ്ചിക്കോട്: ക്വാറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലെ കരിങ്കൽ ക്വാറികൾ പൊലീസ് നിരീക്ഷണത്തിൽ. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് കോങ്ങാമ്പാറയ്ക്ക് അടുത്തുള്ള പുലാമ്പാറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. 18 പെട്ടികളിലായി സൂക്ഷിച്ച 3503 ജലാറ്റിൻ സ്റ്റിക്കുകളും 1265 ഡിറ്റനേറ്ററുകളും ആണ് കണ്ടെടുത്തത്. പുലാമ്പാറയിൽ ചിന്നസ്വാമിയുടെ തെങ്ങിൻ തോപ്പിനകത്താണ് ക്വാറി പ്രവർത്തിച്ചിരുന്നത്. ജീവനക്കാരായ ചാലക്കുടി സ്വദേശികളായ അഭിലാഷ് (37), ഫെബിൻ (35), അർജുൻ (30) എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ആരും അറിയാതെ ഇത്രയും കാലം അനധികൃതമായി ഇവിടെ ക്വാറി പ്രവർത്തിച്ചുവെന്നതിൽ ദുരൂഹതയുണ്ട്.പരിശോധനകൾ മറികടന്ന് അതിർത്തി വഴി എങ്ങിനെ ഇത്രയും സ്‌ഫോടക വസ്തുക്കൾ ഇവിടെയെത്തി എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
പാറ പൊട്ടിക്കാനുള്ള കരിമരുന്നെന്ന പേരിൽ വലിയ തോതിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ക്വാറികളുടെ പ്രവർത്തനം നിരീക്ഷിക്കാനും പരിശോധന കർശനമാക്കാനും വാളയാർ പൊലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. തമിഴ്നാട് അതിർത്തിയിൽ നിരവധി കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ അധികവും ഒരനുമതിയും ഇല്ലാതെ രഹസ്യമായി പ്രവർത്തിക്കുന്നവയാണ്. അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും കണ്ടെത്തി അടച്ച് പൂട്ടാനുള്ള ഓപ്പറേഷനാണ് പൊലീസ് രൂപം നൽകിയിരിക്കുന്നത്. അനുമതിയോടെ പ്രവർത്തിക്കുന്ന ക്വാറികളിൽ നിരോധിത സ്‌ഫോടക വസ്തുക്കളോ നിശ്ചിത അനുപാതത്തിൽ കൂടുതൽ കരിമരുന്ന് ശേഖരമോ കണ്ടെത്തിയാൽ നടപടി ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |