പാലക്കാട്: വടക്കേ അമേരിക്കയിലെ തണുത്തുറഞ്ഞ മേഖലകളിലും യൂറേഷ്യൻ ഭൂഖണ്ഡത്തിലും കടലോരത്ത് കണ്ടുവരുന്ന അപൂർവ ഇനത്തിൽപെട്ട ദേശാടന പറവയായ 'പമ്പരക്കാട'യെ (റെഡ് നെക്ഡ് ഫലറോപ്) പാലക്കാട് ജില്ലയിൽ ആദ്യമായി കണ്ടെത്തി. പക്ഷി നിരീക്ഷകനായ നോവൽ കുമാറാണ് മരുതറോഡ് പഞ്ചായത്തിലെ പടലിക്കാട് പാടശേഖരത്തിൽ നിന്നു പമ്പരക്കാടയെ കണ്ടെത്തിയത്. പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങൾ ആയ രവി കാവുങ്ങൽ, വിവേക് സുധാകരൻ എന്നിവരും പക്ഷി നിരീക്ഷകസംഘത്തിൽ ഉണ്ടായിരുന്നു. പക്ഷികളെക്കുറിച്ച് ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന ഇ-ബേഡ് പ്ലാറ്റ്‌ഫോമിലെ കണക്കനുസരിച്ച് ജില്ലയിൽ കണ്ടെത്തുന്ന 422–ാം പക്ഷി ഇനമാണ് പമ്പരക്കാട.
കടൽ തീരത്തു നിന്നുമാറി ഉൾനാടുകളിൽ അപൂർവമായി മാത്രമേ ഇവയെ കാണാറുള്ളൂ. 2023ൽ കോയമ്പത്തൂർ ഭാഗത്തും ഇവയെ കണ്ടെത്തിയിരുന്നു. പ്രത്യേക കാലാവസ്ഥയും മഴയുമാവാം ഇവിടേക്കെത്താൻ കാരണമായതെന്നും പക്ഷി നിരീക്ഷകസംഘം പറഞ്ഞു. പാലക്കാട്ടെ ഉൾനാടൻ പാടശേഖരങ്ങളുടെ ജൈവവൈവിധ്യ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ. ആറായിരം കിലോമീറ്റർ നിറുത്താതെ പറക്കാൻ കഴിവുള്ളവയാണു പമ്പരക്കാട പക്ഷികൾ. വെള്ളത്തിൽ ദിവസങ്ങളോളം വിശ്രമിക്കാനും ഇവയ്ക്കു കഴിയും. വെള്ളത്തിൽ പമ്പരം പോലെ ദീർഘമായി കറങ്ങി ചെറുമത്സ്യങ്ങളെയും സൂക്ഷ്മ ജീവികളെയും ജലോപരിതലത്തിൽ വച്ചാണ് ഇവ ഭക്ഷണമാക്കുന്നത്.
പമ്പരം പോലെ കറങ്ങുന്നതിനാലാണ് ഇവയ്ക്കു പമ്പരക്കാട എന്നു പേരു വന്നത്. വടക്കേ അമേരിക്കയിലും ആർട്ടിക്, യൂറേഷ്യൻ മേഖലയിലും ഇവ പ്രജനനം നടത്തുന്നു. ശൈത്യകാലത്ത് ഉഷ്‌മേഖലാ സമുദ്രങ്ങളിലാണ് ഇവ കഴിയുന്നത്. ഈ യാത്രയിലാണ് അപൂർവമായി കേരളത്തിന്റെ തീരത്തെത്തുന്നത്. യുറേഷ്യയിൽ നിന്ന് അറേബ്യൻ സമുദ്രത്തിലേക്കു പറന്നാണ് ഇവയുടെ ദേശാടനം. ശരാശരി 18 സെന്റിമീറ്ററോളം നീളം വരുന്ന ഇവയുടെ പെൺപക്ഷികൾക്കാണ് ആൺപക്ഷികളെക്കാൾ സൗന്ദര്യമെന്നതും പമ്പരക്കാടകളുടെ പ്രത്യേകതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |