
തൃത്താല: മണ്ഡലത്തിൽ പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം സുശീലപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകാനുള്ള സമ്മതപത്രം കൈമാറി ഭൂവുടമകൾ. ഇതോടെ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട അവസാന തടസവും നീങ്ങുന്നു. നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷ. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ എക്‌സൈസ് പാർലമെന്ററി കാര്യ മന്ത്രിയും തൃത്താല എം.എൽ.എയുമായ എം.ബി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭൂവുടമകളുടെ യോഗത്തിലാണ് മേൽപ്പാല നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിലേക്ക് മുൻകൂറായി സ്ഥലംവിട്ടു നൽകാനുള്ള സമ്മതപത്രം 26 ഭൂവുടമകളും കൈമാറിയത്. പരുതൂർ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ പാലക്കാട് ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർ(എൽ.എ) കെ.ബിന്ദു, തഹസിൽദാർ മധു, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ലഭ്യമായത് രണ്ടര ഏക്കർ
രണ്ടര ഏക്കറോളം ഭൂമിയാണ് റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായി ഭൂവുടമകളിൽ നിന്നും ലഭ്യമായത്. മറ്റ് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. 2021 സെപ്തംബറിലാണ് മേൽപ്പാലം നിർമ്മാണത്തിന് സർക്കാർ ഉത്തരവായത്.
സുശീലപ്പടിയിൽ മേൽപാലം യാഥാർത്ഥ്യമാകുന്നതോടെ തൃത്താല മേഖലയിൽ ഗതാഗത രംഗത്തും വികസന രംഗത്തും വൻ മുന്നേറ്റമുണ്ടാക്കാനാകും. പരുതൂർ സ്വദേശികളുടെ 45 വർഷത്തോളമായുള്ള ആവശ്യമാണ് ഇതോടെ നിറവേറുന്നത്. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളെ പാലം വഴി ബന്ധിപ്പിക്കാനുമാകും. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നാല് കോടി രൂപയാണ് മേൽപ്പാല നിർമ്മാണത്തിന് ഇതിനകം അനുവദിച്ചിട്ടുള്ളത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളയ്ക്കാണ് നിർമ്മാണ ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |