പാലക്കാട്: ഡിസംബർ 31 നകം പാലക്കാട് ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പാഡി ഓഫീസർ. ഇതുവരെ 54.34 കോടി രൂപ കർഷകർക്ക് നൽകിയിട്ടുണ്ട്. കർഷകർക്കുള്ള വിള ഇൻഷ്വറൻസ് ക്ലെയിമുകൾ നൽകിയിട്ടുണ്ട്. 2024 മേയ് വരെയുള്ള ക്ലെയിം തുക വന്നിട്ടുണ്ട്. ഇന്നലെ ചേർന്ന പാലക്കാട് ജില്ലാ വികസന സമിതി യോഗത്തിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിനുത്തരമായാണ് ജില്ലാ പാഡി ഓഫീസർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ജില്ലയിൽ ഇത്തവണ ഒന്നാംവിള നെല്ല് സംഭരണം സാധാരണത്തെക്കാൾ ഒരു മാസത്തോളം വൈകിയാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനു ജില്ലയിൽ നെല്ല് സംഭരണം ആരംഭിച്ചിരുന്നു. ഇക്കുറി ഏറെ കാത്തിരിപ്പിനും പ്രതിഷേധത്തിനുമൊടുവിൽ നവംബർ പകുതിയോടെയാണ് നെല്ലെടുപ്പ് ആരംഭിച്ചത്. എന്നാൽ ഇതിനു ശേഷവും നെല്ല് സംഭരണം പ്രതിസന്ധിയിലായി. സംഭരണത്തിനുള്ള മഞ്ഞ രസീത് എഴുതി കൊടുത്തിട്ട് 12 ദിവസമായിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകളുടെ ഏജന്റുമാർ കൂട്ടാക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനം നല്ലേപ്പിള്ളിയിലും മറ്റും ടൺ കണക്കിന് നെല്ലാണ് കെട്ടിക്കിടന്നത്. ഗ്രാമീണ റോഡുകളിൽ ചെറിയ വാഹനം മാത്രം പോകുന്ന സ്ഥലത്ത് വലിയ വാഹനത്തിന് പോയി നെല്ല് എടുക്കാൻ സാധിക്കില്ല, ചെറിയ വണ്ടികൾ ലഭ്യമല്ല തുടങ്ങിയവയാണ് ഏജൻ്റുമാർ കാരണമായി പറഞ്ഞിരുന്നത്. ഇതേ തുടർന്ന് സപ്ലൈക്കോയുടെ ഒന്നാംവിള നെല്ല് സംഭരണത്തിൽ കുത്തനെ ഇടിവു സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ ആദ്യവാരം ഒന്നാംവിള നെല്ല് സംഭരണം 80 ശതമാനം പൂർത്തിയായപ്പോൾ 40008 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. ഇക്കുറി ഇത് 16194 ടൺ ആയി കുറഞ്ഞു. നെല്ല് സംഭരണത്തിലെ അനിശ്ചിതാവസ്ഥ കാരണം കർഷകരിലേറെയും കുറഞ്ഞ വിലയ്ക്ക് പൊതുവിപണിയിൽ നെല്ല് വിറ്റഴിച്ചതാണ് ഇതിനു പ്രധാന കാരണം. സംഭരണം ഈ മാസം പൂർത്തിയാക്കുമെന്ന് ജില്ല പാഡി ഓഫീസറുടെ ഉറപ്പ് ആശ്വാസമേകുമ്പോഴും ശേഷിക്കുന്ന നാല് ദിവസം കൊണ്ട് ഇത് സാധ്യമാകുമോ എന്നാണ് കർഷകർ ഉറ്റുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |