SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.56 AM IST

വന്യമൃഗശല്യം രൂക്ഷം; ആളൊഴിഞ്ഞ് മലയോരമേഖലയിലെ വീടുകൾ

Increase Font Size Decrease Font Size Print Page

വടക്കഞ്ചേരി: ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ മലയോരങ്ങൾ ആളൊഴിഞ്ഞ പ്രദേശങ്ങളായി. നാലഞ്ചുവർഷം മുമ്പുവരെ പലവിധ കാർഷിക വിളകൾ നിറഞ്ഞുനിന്നിരുന്ന മലയോരത്തെ കാഴ്ച ഇപ്പോൾ ഹൃദയഭേദകമാണ്.
എല്ലാം ഉണങ്ങിനശിച്ച് കോലംകെട്ട മട്ടിലാണ് കൃഷിയിടങ്ങൾ. കാട്ടുമൃഗങ്ങളിൽ നിന്ന് ജീവന്റെ സുരക്ഷ തേടി മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറുകയാണ് ഇവിടുത്തെ ജനങ്ങൾ. കിഴക്കഞ്ചേരി പഞ്ചായത്തിലാണ് മൃഗശല്യം അതിരൂക്ഷമായത്. പനങ്കുറ്റി, കരടിയള, പോത്തുചാടി, ഓടംതോട്, ചടച്ചിക്കുന്ന്, ചൂരുപ്പാറ, മണ്ണെണ്ണക്കയം, വി.ആർ.ടി തുടങ്ങി മലയോരമേഖല പൂർണമായും വന്യമൃഗങ്ങളുടെ താവളങ്ങളായി മാറി. ആന, പുലി, കടുവ, പന്നി, മാൻ, മയിൽ, കുരങ്ങ്, മലയണ്ണാൻ, മുള്ളൻപന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെല്ലാം കൃഷിയിടങ്ങളിലും കർഷകരുടെ വീടുകൾക്കു ചുറ്റുമാണ്. പനംകുറ്റി, കരടിയള ഭാഗത്തും സമാന സ്ഥിതിയാണ്. പ്രധാനമായും ആനയെ പേടിച്ചാണ് പലായനം. ഓടംതോടിന്റെ പഴയ പ്രതാപവും ഇന്നില്ല. യാത്രക്കാർ തിങ്ങിനിറഞ്ഞ് ഓടിയിരുന്ന ബസിൽ യാത്രക്കാരില്ലാതായി. കടകളോ വലിയ ആൾക്കൂട്ടമോ ദൃശ്യമല്ല. മറ്റു മൃഗങ്ങൾപോലെ പുലിയും പെരുകുകയാണ്. ഇപ്പോൾ കടുവ കൂടിയായപ്പോൾ പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമായി.

മുമ്പൊന്നും ഇല്ലാത്തവിധം കുരങ്ങുകൂട്ടങ്ങളാണ് കർഷകർക്ക് മറ്റൊരു വലിയ ഭീഷണിയായി മാറുന്നത്. അമ്പതും നൂറും എണ്ണംവരുന്ന കൂട്ടങ്ങളാണ് കൃഷിയിടത്തിലെത്തി എല്ലാം നശിപ്പിക്കുന്നത്. ഇതിനാൽ മലയോരപ്രദേശങ്ങളിൽ തരിശിടുന്ന ഭൂമിയുടെ വിസ്തൃതി ഓരോ വർഷവും വർദ്ധിച്ചു. ആനയെ പേടിച്ച് വീടുകളിൽ താമസക്കാരില്ല. പരിചരണമില്ലാതെ വനാതിർത്തികളോടു ചേർന്നുകിടക്കുന്ന ഏക്കർകണക്കിന് തോട്ടങ്ങളുമുണ്ട്. ഏതു കൃഷി ചെയ്താലും അതെല്ലാം കാട്ടുമൃഗങ്ങൾ ഇറങ്ങി നശിപ്പിക്കും. മംഗലംഡാമിന്റെ മലയോര മേഖലയായ ചൂരുപ്പാറ, മണ്ണെണ്ണക്കയം പ്രദേശത്ത് ഇപ്പോൾ താമസമുള്ള വീടുകൾ വിരലിലെണ്ണാവുന്നവയായി കുറഞ്ഞെന്ന് അരനൂറ്റാണ്ടുകാലം ചൂരുപ്പാറയിലെ താമസക്കാരനായ ചിറയത്ത് ജോസ് പറഞ്ഞു. അറുപതിലേറെ കുടുംബങ്ങൾ ഉണ്ടായിരുന്നത് 15 ൽ താഴെയായി. ആനയെ പേടിച്ച് എല്ലാവരുംതന്നെ താമസം മാറി. കൃഷിയിടത്തിനു ചുറ്റും സ്വന്തമായി ഫെൻസിംഗ് ചെയ്യാൻ സാമ്പത്തികശേഷി ഉള്ളവർക്കുമാത്രമാണ് പിടിച്ചുനിൽക്കാനാകുക. പകൽസമയം കർഷകർ കൃഷിയിടത്തിൽ എത്തി തിരിച്ചു പോകും. കാട്ടുമൃഗങ്ങളെ കാട്ടിൽതന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ കർഷകരെയും അവരുടെ വിളകളും നശിപ്പിക്കാൻ വന്യമൃഗങ്ങൾക്കു വഴിയൊരുക്കുകയാണ് വനംവകുപ്പുമെന്ന് ഇവർ ആരോപിക്കുന്നു.

TAGS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.