നിർമ്മാണോദ്ഘാടനം 27ന്
പാലക്കാട്: കായിക കേരളത്തിന്റെ അഭിമാനമായി പാലക്കാട്ട് സ്‌പോർട്സ് ഹബ്ബ് വരുന്നു. കേരള ക്രിക്കറ്റ് അസോസിയഷേനാണ് 21 ഏക്കറിൽ അത്യാധുനിക നിലവാരത്തിലുള്ള ഹബ്ബ് യാഥാർത്ഥ്യമാക്കുന്നത്. ഇതിന്റെ നിർമ്മാണോദ്ഘാടനം 27ന് നടക്കും.
മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ വടക്കേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്‌പോർട്സ് ഹബ് ഒരുങ്ങുന്നത്. അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിംഗ് കോളജിന് പിന്നിലായാണ് നിർമ്മാണം നടക്കുക. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ് കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ലീസ് എഗ്രിമെന്റ് അടിസ്ഥാനത്തിൽ 33 വർഷത്തേക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭൂമി ഏറ്റെടുക്കുന്നത്. ഇതുവഴി ക്ഷേത്രത്തിന് വാർഷിക വരുമാനമായി 21,30,000 രൂപ ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നൽകും: സ്‌പോർട്സ് ഹബ്ബ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് തൊഴിൽ മേഖലയിൽ മുൻഗണന നൽകാൻ വ്യവസ്ഥയും ഉണ്ട്. ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും ഹബ് നിർമിക്കുക. ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്ലർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ട നിർമാണം ഈവർഷവും രണ്ടാംഘട്ടം 2027 ഏപ്രിലോടെയും പൂർത്തിയാക്കാനാണ് തീരുമാനം. ജില്ലയിലെ കായിക മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നൽകുന്ന ഈ പദ്ധതി എല്ലാ കായിക ഇനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരും. 27ന് വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി.രാജേഷ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയാകും. കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ അദ്ധ്യക്ഷത വഹിക്കും. വി.കെ.ശ്രീകണ്ഠൻ എം.പി, എ.പ്രഭാകരൻ എംഎൽഎ. പാലക്കാട് നഗരസഭാദ്ധ്യക്ഷൻ പി.സ്മിതേഷ്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബിന്ദു, എം.ദണ്ഡപാണി, വേണുഗോപാലൻ, ആർ.ജയേഷ് ജോർജ് എന്നിവർ വിശിഷ്ടാതിഥികളാകും. ഇതുസംബന്ധിച്ച വാർത്താ സമ്മേളനത്തിൽ കെ.സി.എ സെക്രട്ടറി വിനോദ് എസ്.കുമാർ, ട്രഷറർ ടി.അജിത്കുമാർ, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ, കെ.സി.എ മെമ്പർ എ.സിയാബുദ്ദീൻ, അസ്ഹർ അഹമ്മദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |