തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ പത്തുനാളിലെ ഉത്സവം സമാപിച്ചു. ഇന്നലെ വൈകിട്ട് നടന്ന ആറാട്ട് ഘോഷയാത്ര ഭക്തിനിർഭരമായി. ശ്രീവല്ലഭേശ്വര ആദ്ധ്യാത്മിക പരിഷത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.എം.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. മാർഗദർശക് മണ്ഡൽ സംസ്ഥാന ജനറൽസെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ക്ഷേത്രതന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവല്ലാ ജോയ് ആലുക്കാസും ക്ഷേത്ര ഉത്സവ കമ്മിറ്റിയും സംയുക്തമായി നടത്തിയ വിവിധ സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ നിർവഹിച്ചു. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി സനിൽകുമാർ, ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം, ലാൽപ്രകാശ്, വിജയൻ,ഡോ.സുരേഷ് ബാബു, സാബു, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ, സോമൻ ജി.പുത്തൻപുരയ്ക്കൽ, ശ്യാമളാ വാരിജാക്ഷൻനായർ, വിഘ്നേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗജപൂജയും ആനയൂട്ടും ഉച്ചയ്ക്ക് ആറാട്ട് സദ്യയും നടത്തി. വൈകിട്ട് കൊടിയിറക്കിയശേഷം ആറാട്ട് ഘോഷയാത്ര പുറപ്പെട്ടു. പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും ആനപ്പുറത്തേറി. ആറാട്ടെഴുന്നെളിപ്പിന് നൂറുകണക്കിന് ഭക്തജനങ്ങളും അകമ്പടിയായി. ശ്രീവല്ലഭദാസൻ ജയരാജൻ ശ്രീവല്ലഭ സ്വാമിയുടെയും കുന്നത്തൂർ രാമു മഹാസുദർശന മൂർത്തിയുടെയും തിടമ്പേറ്റി. ഘോഷയാത്ര മുറിയാപ്പാലത്തിങ്കൽ ജംഗ്ഷനിൽ എത്തിയപ്പോൾ തുകലശ്ശേരി മഹാദേവക്ഷേത്ര സേവാസമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തുടർന്ന് തുകലശ്ശേരി ആറാട്ട് കടവിൽ ആറാടി. ആറാട്ടിനുശേഷം നടന്ന ഘോഷയാത്രയ്ക്ക് കിഴക്കേനട ജംഗ്ഷനിലെ സ്വീകരണ പന്തലിൽ സേവ നടന്നു. ശ്രീവല്ലഭ സ്വാമിയും സുദർശന സ്വാമിയും തിരികെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചതോടെ തിരുവുത്സവത്തിന് സമാപനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |