പത്തനംതിട്ട : മുംബയിൽ എണ്ണ സംസ്‌കരണ പ്ലാന്റിൽ അടൂർ പഴകുളം സ്വദേശിയായ യുവ എൻജിനീയറെ കാണാതായിട്ട് ഒരാഴ്ചയായിട്ടും ഒ.എൻ.ജി.സിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പഴകുളം ഓലിക്കൽ ഗ്രേസ് വില്ലയിൽ വിമുക്തഭടൻ ഗീവർഗീസ് ബേബിയുടെ മൂത്തമകൻ എനോസ് വർഗീസിനെ (25) യാണ് കഴിഞ്ഞ 24ന് വൈകിട്ട് മുംബയ് ബാന്ദ്രയിലെ ഒ.എൻ.ജി.സി എണ്ണ സംസ്‌കരണ പ്ലാറ്റ്‌ഫോമിലെ ജോലിക്കിടെ കാണാതായത്. കടലിൽ കാണാതായെന്നാണ് കമ്പനി ബന്ധുക്കളെ അറിയിച്ചത്. എന്നാൽ എനോസിനെ കണ്ടെത്താൻ കമ്പനിയുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തത് ദുരൂഹമാണെന്നാണ് കുടുംബം പറയുന്നത്.
ഒ.എൻ.ജി.സിക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ബറോഡയിലെ സിസ്റ്റം പ്രൊട്ടക്ഷൻ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനിയറായിരുന്നു എനോസ്. ഫെബ്രുവരി 12 മുതൽ എനോസ് മുംബയിലെ പ്ലാറ്റ്‌ഫോമിൽ ജോലി ചെയ്തുവരികയായിരുന്നു. എല്ലാദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. എന്നാൽ സംഭവദിവസം എനോസ് സുഹൃത്തുക്കൾക്ക് അയച്ച ചില സന്ദേശങ്ങളിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ഗീവർഗീസ് പറയുന്നു. മുംബയ് നഗരത്തിൽ നിന്ന് 150 കിലോമീറ്റർ അകലെ കടലിലുള്ള ഹൈ സൗത്ത് എണ്ണ സംസ്‌കരണ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവസമയം ജോലി. സൂപ്പർവൈസറായ കരൺ എന്നയാളിനെ സംബന്ധിച്ച് എനോസ് അയച്ച ചില സന്ദേശങ്ങൾ സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്. കരണും എനോസും മാത്രമായി സംഭവദിവസം ജോലി ഇല്ലാത്ത മറ്റൊരു പ്ലാറ്റ് ഫോമിലേക്കു പോയിട്ടുണ്ട്. തിരികെ വന്നശേഷം എനോസ് വിവസ്ത്രനായി നിൽക്കുന്നതു കണ്ടുവെന്നും പിന്നീട് വെള്ളത്തിൽ കിടക്കുന്നതു കാണുകയായിരുന്നുവെന്നുമാണ് കരണിന്റെ മൊഴി. കരണിനെ പിന്തുണയ്ക്കുന്ന തരത്തിൽ കമ്പനി അധികൃതർ നിലപാടെടുക്കുകയായിരുന്നുവെന്നും ഗീവർഗീസ് ബേബി പറഞ്ഞു.
എനോസിനെ കാണാതായതറിഞ്ഞ് മുംബയ് യെലോ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. ഒ.എൻ.ജി.സിയുടെ പരാതിയും പൊലീസിൽ ലഭിച്ചിരുന്നു. എന്നാൽ ശേഷം നടപടികളുണ്ടാകുന്നില്ല. എന്ത് സംഭവിച്ചുവെന്നുള്ള കൃത്യമായ വിവരം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനിടെ കരൺ നാട്ടിലേക്കു വിളിച്ചു എനോസ് അയച്ച സന്ദേശങ്ങളെക്കുറിച്ച് തിരക്കിയതായി സഹോദരൻ എബിൻ വർഗീസ് പറഞ്ഞു.
എനോസിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും എം.പി, എം.എൽ.എ, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. മാതാവ് സിബി വർഗീസ്, ബന്ധുക്കളായ ജോൺ ബേബി, ജെയ്‌സൺ ജെയിംസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |