പീരുമേട്: 'ഓരോ അര മണിക്കൂർ ഇടവിട്ടുമുള്ള ഗണേശൻ സാറേയെന്ന വിളി ഇനിയില്ല, ഞാൻ ഒറ്റപ്പെട്ടു."- കഴിഞ്ഞ നാലര വർഷക്കാലമായി വാഴൂർ സോമന്റെ പേഴ്സണൽ
അസിസ്റ്റന്റായി ജോലി നോക്കിയ എം. ഗണേശന് വാക്കുകളിൽ മുഴുവിപ്പിക്കാനായില്ല. താലൂക്ക് സപ്ലൈ ഓഫീസറായിരിക്കെയാണ് നാലര വർഷം മുമ്പ് ഗണേശൻ എം.എൽ.എയുടെ പി.എയായി ഡെപ്യൂട്ടേഷനിലെത്തുന്നത്. 1952ലെ പശുമല വെടിവയ്പ്പിൽ മരിച്ച രണ്ട് പേരിൽ ഒരാളായ പൊന്നയ്യയുടെ കൊച്ചുമകൾ കനകമ്മയുടെ മകനാണ് ഗണേശൻ. ആ സ്മരണയിലാണ് ഗണേശനെ വാഴൂർ കൂടെ കൂട്ടിയത്. പിതൃ തുല്യനായ അദ്ദേഹം വളരെ വാത്സല്യത്തോടെയാണ് തന്നെ കണ്ടിരുന്നതെന്ന് ഗണേശൻ ഓർക്കുന്നു. സ്നേഹത്തോടെ ഗണേശൻ സാറേയെന്നാണ് വിളിക്കാറുണ്ടായിരുന്നത്. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കാൻ താനും ഒപ്പം പോകാനിരുന്നതാണ്. എന്നാൽ വ്യാഴാഴ്ച വൈകീട്ട് കൂൺ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ഒരു യോഗമുണ്ടെന്നും അതിൽ ഗണേശൻ നിർബന്ധമായും പങ്കെടുക്കണമെന്നും സാർ പറഞ്ഞതുകൊണ്ടാണ് കൂടെ പോകാത്തത്. ഒരു ദിവസം പോലും വിശ്രമിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ല. തലേദിവസം പനിയോ മറ്റെന്തെങ്കിലും അസുഖങ്ങളോ ഉണ്ടായാൽ പോലും രാത്രി കിടന്നുറങ്ങി രാവിലെ ഉണരുമ്പോൾ വളരെ ഊർജ്ജസ്വലനായ എം.എൽ.എയെയാണ് കാണാനാകുക. ഡ്രൈവറും താനും ഭക്ഷണം കഴിച്ചോയെന്ന് അറിഞ്ഞതിനുശേഷം മാത്രമേ സാർ ഭക്ഷണം കഴിക്കാറുള്ളൂ. അത്രയും കരുതലോടെ കണ്ടിരുന്ന സാർ ഞങ്ങളെ വിട്ടു പിരിഞ്ഞത് വിശ്വസിക്കാനാകുന്നില്ലെന്നും നിറകണ്ണുകളോടെ ഗണേശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |