
കോന്നി : മലയോരമേഖലയിലെ കന്നുകാലികളിൽ കാണപ്പെടുന്ന ചർമ്മമുഴ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. രോഗം പടർന്നതോടെ പാൽ ലഭ്യതയിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗം ബാധിച്ച പശുക്കൾക്ക് പനിയും വിശപ്പില്ലായ്മയും അനുഭവപ്പെട്ട് പാൽ ഗണ്യമായി കുറയുന്നുണ്ട്. തീവ്രമായ മുഴകളും വൃണങ്ങളും പ്രകടമല്ലെങ്കിലും പശുവിന് ആരോഗ്യക്കുറവ്, തീറ്റമടുപ്പ്, ഉൽപാദനം കുറയൽ എന്നീങ്ങനെയുള്ള ദോഷഫലങ്ങളും ഉണ്ടാകുന്നു. മുഴകൾ പൊട്ടി വൃണങ്ങളാകുന്ന അവസ്ഥ വിരളമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാകുന്ന സാംക്രമിക ചർമ്മമുഴ രോഗത്തിന് കാരണം കാപ്രിപോക്സ് വൈറസ് ഇനത്തിലെ എൽ.എസ്.ഡി വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടർത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടൻ, പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും കിടാവിലേക്ക് പാൽ വഴിയും രോഗപ്പകർച്ചയ്ക്ക് സാദ്ധ്യതയുണ്ട്. ഉയർന്ന പനി, പാലുൽപാദനം ഗണ്യമായി കുറയൽ, തീറ്റമടുപ്പ്, മെലിച്ചിൽ, കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊലിപ്പ്, വായിൽ നിന്നും ഉമിനീർ പതഞ്ഞൊലിക്കൽ, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യലക്ഷണങ്ങൾ. തുടർന്ന് 48 മണിക്കൂറിനുള്ളിൽ ത്വക്കിൽ പലഭാഗങ്ങളിലായി 2 മുതൽ 5 സെന്റിമീറ്റർ വരെ വ്യാസത്തിൽ വൃത്താകൃതിയിൽ നല്ല കട്ടിയുള്ള മുഴകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. കീഴ്ത്താടി, ശരീരത്തിന്റെ കീഴ്ഭാഗം, കൈകാലുകൾ തുടങ്ങിയ ശരീരഭാഗങ്ങളോട് ചേർന്നുള്ള നീർക്കെട്ടും ചർമ്മമുഴ രോഗബാധയിൽ കണ്ടുവരുന്നു.
പ്രതിരോധ മരുന്നുകൾ
ആന്റിബയോട്ടിക്, ആന്റി ഇൻഫ്ലമേറ്ററി മരുന്നുകളും വേദന സംഹാരികളും കരൾ സംരക്ഷണ - ഉത്തേജക മരുന്നുകളും ജീവകധാതുമിശ്രിത കുത്തിവയ്പ്പുകളും രോഗാരംഭത്തിൽ നൽകണം. മുഴകൾ പൊട്ടിയുണ്ടാകുന്ന വൃണങ്ങൾ ഉണങ്ങാൻ ദിവസങ്ങളോളം സമയമെടുക്കും. ഈച്ചകളെ അകറ്റാനും മുറിവുണക്കത്തിനുള്ളതുമായ മരുന്നുകൾ പ്രയോഗിക്കണം. കൊതുകുനിയന്ത്രണവും പരിസരശുചിത്വവും രോഗനിയന്ത്രണത്തിന് പ്രധാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |